വെള്ളപ്പൊക്കത്തിനു പിന്നാലെ കൊടും തണുപ്പ് നേരിടേണ്ടിവരുന്ന യുകെയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടില്‍. മഴ കഴിഞ്ഞു അഞ്ചു ദിവസങ്ങള്‍ക്ക് ശേഷവും വീടുകള്‍ വെള്ളത്തിനടിയിലാണ്. ബെര്‍ക്ഷയറിലും, സറേയിലും മഴ അവസാനിച്ച് അഞ്ച് ദിവസത്തിന് ശേഷവും വീടുകള്‍ വെള്ളത്തിലാണ്. കൊടും തണുപ്പ് തേടിയെത്തുന്നതിനിടെ നൂറുകണക്കിന് ജനങ്ങള്‍ വീടുവിട്ടിറങ്ങി. വെള്ളപ്പൊക്കം സാരമായി ബാധിച്ച തേംസ് നദിയുടെ കരയിലുള്ള ഗ്രാമങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത്. ഹെങ്ക് കൊടുങ്കാറ്റിനെ തുടര്‍ന്ന് ഈയാഴ്ച ഇവിടെ നിന്നുള്ള താമസക്കാര്‍ക്ക് ഒഴിഞ്ഞ് പോകേണ്ടി വന്നിരുന്നു.
ബെര്‍ക്ഷയറിലെ റേയ്‌സ്ബറി ഇപ്പോഴും വെള്ളത്തിനടിയിലാണ്. അവസാനത്തെ മഴ പെയ്ത് അഞ്ച് ദിവസം പിന്നിട്ടിട്ടും ഇവിടെ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. ഇതോടെ ഇവിടെയുള്ള താമസക്കാര്‍ക്ക് വീടുകളില്‍ തിരികെ എത്താന്‍ കഴിയാത്ത അവസ്ഥയാണ്. പല റോഡുകളിലും യാത്രകള്‍ അസാധ്യമാണ്.
ഇതിനിടെ ഇംഗ്ലണ്ടില്‍ 200 വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയില്‍ ആയിരത്തിലേറെ വീടുകളിലാണ് വെള്ളം കയറിയത്. ഡോര്‍സെറ്റ്, വില്‍റ്റ്ഷയര്‍, സോമര്‍സെറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ കരയില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കാനാണ് മുന്നറിയിപ്പ്.
ഇതിനിടയില്‍ മാസത്തിന്റെ ബാക്കി ദിനങ്ങളില്‍ മഞ്ഞും, കൊടുംതണുപ്പും രാജ്യത്തെ വിറപ്പിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. താപനില -11 സെല്‍ഷ്യസിലേക്കാണ് താഴ്ന്നിരിക്കുന്നത്. ഞായറാഴ്ച ശൈത്യകാല അപകടങ്ങള്‍ വര്‍ദ്ധിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. സൗത്ത് മേഖലയില്‍ മഞ്ഞ് മൂലമുള്ള തടസ്സങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.