യെമനിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ യുകെ, യുഎസ് സേനകളുടെ വ്യോമാക്രമണം. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതി ഭീകരര്‍ അക്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് തിരിച്ചടി. സൈനിക നടപടി ഉണ്ടായെന്ന് പ്രധാനമന്ത്രി റിഷി സുനാകും, യുഎസ് പ്രസിഡന്റ് ജോ ബൈഡനും സ്ഥിരീകരിച്ചു.
ഇറാന്‍ പിന്തുണയുള്ള വിമതര്‍ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെ അക്രമം നടത്തിവരികയായിരുന്നു. ഗാസയിലെ ഇസ്രയേല്‍ അക്രമത്തിന്റെ പേരില്‍ നടത്തിയ അക്രമങ്ങളും, കപ്പല്‍ റാഞ്ചലും അന്താരാഷ്ട്ര ചരക്കുനീക്കത്തെ തടസ്സപ്പെടുത്തുന്ന നിലയിലേക്ക് വളര്‍ന്നതോടെയാണ് സഖ്യകക്ഷി തിരിച്ചടി ആരംഭിച്ചത്. ഒരു ഡസനിലേറെ കേന്ദ്രങ്ങളിലാണ് അര്‍ദ്ധരാത്രിയോടെ പാശ്ചാത്യ സൈന്യത്തിന്റെ അക്രമം ഉണ്ടായത്.
അടിയന്തര കാബിനറ്റ് യോഗത്തിന് പിന്നാലെ സൈനിക നടപടിയുമായി മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി സുനാക് അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് പാശ്ചാത്യ സേനകള്‍ വിമതരുടെ സൈനിക കേന്ദ്രങ്ങളില്‍ ബോംബിട്ടത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മധ്യത്തോടെയാണ് ഹൂതികള്‍ ചെങ്കടലില്‍ അന്താരാഷ്ട്ര കപ്പലുകളെ ഭയപ്പെടുത്താന്‍ ആരംഭിച്ചത്. ഇതിന് ശേഷം ആദ്യമായാണ് തിരിച്ചടി നല്‍കുന്നത്.
യെമന്‍ തലസ്ഥാനമായ സനാ, ഹൊദിയേദാ, ഹൂതികളുടെ ശക്തികേന്ദ്രമായ ചെങ്കടല്‍ തുറമുഖം സാദാ, ധമാര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നതായി ഹൂതി അധികൃതര്‍ വെളിപ്പെടുത്തി. ആഗോള വ്യാപാരത്തെ ബാധിക്കുന്ന വിമതരുടെ അക്രമങ്ങളെ നിരുത്സാഹപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് തിരിച്ചടിയെന്ന് യുകെയും യുഎസം അറിയിച്ചു.
നാല് ആര്‍എഎഫ് ടൈഫൂണ്‍ എഫ്ജിആര്‍4കളും, വോയോജര്‍ എയര്‍ റീഫ്യുവലിംഗ് ടാങ്കറുമാണ് അക്രമത്തിനായി വിനിയോഗിച്ചതെന്ന് യുകെ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഹൂതി കേന്ദ്രങ്ങളിലാണ് ബോംബാക്രമണം നയിച്ചത്.