മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡിഎസി സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗോപിനാഥ് മുതുകാടിനെതിരെയും സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരെയുമുള്ള മുന്‍ ജീവനക്കാരന്റെയും രക്ഷിതാക്കളുടെയും ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ കരുവന്നൂര്‍ കരിപ്പാകുളം വീട്ടില്‍ കെകെ ശിഹാബ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് കമ്മീഷന്‍ ഉത്തരവിട്ടത്.
ഭിന്നശേഷിക്കാരായ 300 ഓളം കുട്ടികള്‍ക്ക് സംഗീതം, നൃത്തം, ചിത്രകല, വിവിധ സംഗീതോപകരണങ്ങള്‍ എന്നിവയില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദിയൊരുക്കുമെന്ന് പറയപ്പെടുന്ന ഡി.എ.സി. കുട്ടികളെ ഫണ്ട് ശേഖരണത്തിന് ഉപയോഗിച്ചതായി രക്ഷിതാക്കളും ജീവനക്കാരും ഉള്‍പ്പെടെ നിരവധി ആളുകളില്‍ നിന്ന് ആരോപണങ്ങള്‍ നേരിട്ടിരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ വിദഗ്ധയായ ചിത്ര സിആര്‍ ഡിസംബര്‍ 29 ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥാപനത്തിനെതിരെ സാമ്പത്തിക കെടുകാര്യസ്ഥത ആരോപിച്ച് ഉന്നയിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. അവരുടെ മകന്‍ ഡിഎസിയിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്നു. കലാകേന്ദ്രത്തിന് അനുവദിച്ച സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതായാണ് അവര്‍ ആരോപണത്തില്‍ പറഞ്ഞിരുന്നത്.
സര്‍ക്കാരിന്‍ നിന്നും ഗ്രാന്റ് വാങ്ങുന്നില്ല എന്ന മുതുകാടിന്റെ അവകാശവാദത്തെ വെല്ലുവിളിച്ച് ഈ കേന്ദ്രം സംസ്ഥാന സര്‍ക്കാരില്‍ നിന്നും രണ്ട് കോടിരൂപ കൈപ്പറ്റിയതായി ചിത്ര ആരോപിച്ചു. 300 കുട്ടികളുള്ള സ്ഥാപനത്തില്‍ രണ്ട് സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍മാര്‍ മാത്രമേയുള്ളുവെന്നായിരുന്നു മറ്റൊരു വിമര്‍ശനം. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വിവാദമായി മാറുകയായിരുന്നു.
സ്ഥാപനത്തില്‍ 2017 മുതല്‍ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സിപി ശിഹാബ് വാര്‍ത്തസമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ വിവാദം സമൂഹ മദ്യമനകളില്‍ കത്തി പടര്‍ന്നു. പിന്നാലെ നിരവധി രക്ഷിതാക്കളും രംഗത്തെത്തി. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ പീഡിപ്പിക്കുന്നതായി സമൂഹ മാധ്യമങ്ങളിലും ആരോപണം ഉയര്‍ന്നു.
സര്‍ക്കാറില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കുകയും വന്‍തോതില്‍ പണപ്പിരിവ് നടത്തുകയും ചെയ്യുന്നതും സമൂഹം ഏറെ ആദരവോടെ കാണുന്ന ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനത്തിനെതിരായ ആരോപണമായതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടതെന്ന് കെകെ ശിഹാബ് പറഞ്ഞു.
2019ല്‍ തിരുവനന്തപുരത്തെ കഴക്കൂട്ടത്തുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ സ്ഥാപിതമായ ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് മാജിക്, സംഗീതം, മറ്റ് പെര്‍ഫോമിംഗ് ആര്‍ട്‌സ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഡിഎസി, ഒരു ബാച്ചില്‍ 100 കുട്ടികളെ വീതം തിരഞ്ഞെടുത്ത് ടാലന്റ് ടെസ്റ്റിന് ശേഷം ഭിന്നശേഷിയുള്ള കുട്ടികളെ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്.