വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; സിഎംആര്‍എലും കെഎസ്‌ഐഡിസിയും അന്വേഷണത്തില്‍
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. എക്‌സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനിക്കെതിരേ ലഭിച്ച പരാതിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണമുണ്ട്.
വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എക്‌സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് ഉത്തരവില്‍ പറയുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.
ആരോപണങ്ങള്‍ക്ക് അവ്യക്തവും ഒഴിഞ്ഞു മാറുന്നതുമായ മറുപടികളാണ് സിഎംആര്‍എല്‍ എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയത്. മറുപടി നല്‍കാന്‍ പോലും കെഎസ്‌ഐഡിസി തയാറായില്ല. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെഎം ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍ഒസി, എ ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്റെ ജോയിന്റ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജികിനെതിരെ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. താന്‍ എക്‌സാലോജിക്കിന്റെ പ്രവര്‍ത്തനം ദുരൂഹമാണെന്ന് പറഞ്ഞപ്പോള്‍ പ്രതിരോധം തീര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ഇപ്പോള്‍ എന്താണ് പറയാന്‍ ഹഉള്ളതെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
അന്ന് രണ്ടു കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടാണെന്ന് ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രതികരണം ഈ ഘട്ടത്തില്‍ എന്താണെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലും അസ്വഭാവികമായതൊന്നും ഇല്ലെന്ന നിലപാട് തന്നെയാണോ റിയാസിനുള്ളത് എന്നറിയാന്‍ താത്പര്യമുണ്ട്.
സിഎംആര്‍എല്‍ ചെലവുകള്‍ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നു. അത് തന്നെയാണ് എക്‌സാലോജിക്കും ചെയ്തത്. സിഎംആര്‍എല്ലില്‍ 14 ശതമാനം ഓഹരി കെഎസ്‌ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതവും വ്യവസായ വികസന കോര്‍പറേഷന് അവകാശപ്പെട്ടതാണ്. എന്നാല്‍ സിഎംആര്‍എല്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ മറച്ചുവെച്ചു, പണം വഴിമാറ്റി കീശയിലാക്കുകയാണ് ചെയ്തത്. ഇതിന് കെഎസ്‌ഐഡിസി കൂട്ടുനിന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെഎസ്‌ഐഡിസിയുടെ നിലപാട് എന്തായിരുന്നു എന്ന് പൊതുസമൂഹത്തോട് പറയേണ്ട ബാധ്യത വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനുണ്ടെന്നും അത് പറയണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
സര്‍ക്കാരിന് അവകാശപ്പെട്ട 14 ശതമാനം ലാഭവിഹിതം നല്‍കാതെ തട്ടിപ്പ് കാണിച്ച സിഎംആര്‍എല്‍ കമ്പനിക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് മന്ത്രി പറയണം. സര്‍ക്കാരിനെതിരെ വിശ്വസനീയമായ തെളിവുകള്‍ പലപ്പോഴായി വന്നിട്ടും യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ അധികാരം പ്രയോഗിക്കാന്‍ തയ്യാറായിട്ടില്ല. ആത്യന്തികമായ നീതി കോടതിയില്‍ നിന്നേ ലഭിക്കൂ. അന്വേഷണത്തിലൂടെ ആര്‍ഒസി സത്യങ്ങള്‍ പുറത്തു കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.
എക്‌സാലോജിക് നിരവധി കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. സേവനം നല്‍കാതെയാണ് പണം കൈപ്പറ്റിയത്. ചെലവുകള്‍ പെരുപ്പിച്ച് കാണിച്ച് സിഎംആര്‍എല്‍ നഷ്ടത്തിലാണെന്ന് കാണിച്ചത് പോലെയാണ് എക്‌സാലോജികും തട്ടിപ്പ് നടത്തിയത്. നിയമവ്യവസ്ഥയ്ക്ക് ഉള്ളില്‍ നിന്ന് എല്ലാ പോരാട്ടവും നടത്തുമെന്നും മാത്യു കുഴല്‍നാടന്‍ അറിയിച്ചു.