അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചക്ക് 02.30 വരെ അവധി പ്രഖ്യാപിച്ചു. ജീവനക്കാരുടെ വികാരവും അവരില്‍ നിന്നുള്ള അപേക്ഷകളും കണക്കിലെടുത്ത്, രാമക്ഷേത്രത്തോടനുബന്ധിച്ച് എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും കേന്ദ്ര സ്ഥാപനങ്ങളിലും കേന്ദ്ര വ്യവസായ സ്ഥാപനങ്ങളിലും ജനുവരി 22 ന് ഉച്ചയ്ക്ക് 2:30 വരെ കേന്ദ്ര സര്‍ക്കാര്‍ അര്‍ദ്ധ ദിന അവധി പ്രഖ്യാപിക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നു.
നേരത്തെ ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികള്‍ക്കും അവധി നല്‍കണമെന്ന ആവശ്യവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളില്‍ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിലേക്ക് അവധി നല്‍കണമെന്നാണ് ആവശ്യം.
അതേസമയം, അയോധ്യയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. പ്രതിഷ്ഠാ ദിനത്തില്‍ സൈബര്‍ ആക്രമണം ചെറുക്കാന്‍ കേന്ദ്ര നിരീക്ഷണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധരടങ്ങുന്ന ഉന്നതതല സംഘത്തെ അയോധ്യയിലേക്കയച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങില്‍ രാഷ്ട്രീയക്കാരും സന്യാസിമാരും സെലിബ്രിറ്റികളുമടക്കം 7000ത്തിലധികം പേരാണ് പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകുന്ന ചടങ്ങിന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും എത്തും.