ബാര്‍ കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ വെളിപ്പെടുത്തലുകളുമായി കെഎം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണത്തിന് അനാവശ്യ തിടുക്കം കാണിച്ചു. മന്ത്രിസഭയിലെ ഒരംഗത്തെ വളഞ്ഞിട്ടു ആക്രമിച്ച ബാറുടമ ബിജു രമേശിന്റെ വീട്ടിലെത്തി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിവാഹ നടത്തിപ്പുകാരായത് വേദനയുണ്ടാക്കി തുടങ്ങി പല കാര്യങ്ങളും പുസ്തകത്തില്‍ തുറന്നു പറയുന്നുണ്ട്.
500 ഓളം പേജുകളുള്ള ആത്മകഥ നിയമസഭാ മന്ദിരത്തിലുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. കേരള രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ച ബാര്‍കോഴ വിവാദത്തെകുറിച്ച് കാര്യമായ വെളിപ്പെടുത്തലുകളുണ്ട് മാണിയുടെ ആതമകഥയില്‍ . പുസ്തകത്തിന്റെ പേരും അത്മകഥ എന്നുതന്നെയാണ്.
രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സമീപിച്ച ഒരു കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ക്ക് താന്‍ വലിയ വില കല്‍പിച്ചില്ല. അതാകാം ബാര്‍ കോഴക്കേസില്‍ അദ്ദേഹത്തിന്റെ നിലപാട് രൂപപ്പെടുത്തിയതതെന്നും ആത്മകഥയില്‍ മാണി ചൂണ്ടിക്കാട്ടുന്നു.
'ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ' എന്ന് രമേശ് കരുതിയെന്നാണു തന്റെ അനുമാനം. ആരോപണം ഉന്നയിക്കപ്പെട്ട് രണ്ടുദിവസത്തിനകം, കാത്തിരുന്നതുപോലെയുള്ള വേഗത്തിലായിരുന്നു വിജിലന്‍സിന്റെ ത്വരിതാന്വേഷണം. ആരോപണമുയരുമ്പോള്‍ വിജിലന്‍സിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി രമേശ് സംസ്ഥാനത്തുണ്ടായിരുന്നില്ല. മടങ്ങിയെത്തിയ ഉടന്‍ അടിയന്തരകാര്യമെന്നപോലെ ത്വരിതാന്വേഷണം പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ആ നടപടി തന്നെ വേദനിപ്പിച്ചു.
ബാര്‍ കോഴ ആരോപണമുന്നയിച്ച വ്യക്തിക്ക് കോണ്‍ഗ്രസിലെ ചില മുതിര്‍ന്നനേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പ്രതികാര ബുദ്ധിയോടെയാണു ബാര്‍ ഉടമ തനിക്കെതിരേ തിരിഞ്ഞത്. അതിന് ചില കോണ്‍ഗ്രസ് നേതാക്കളുടെ പിന്‍ബലമുണ്ടായിരുന്നു.
യു.ഡി.എഫിന്റെ ശില്‍പ്പികളിലൊരാളായ തനിക്ക് അവിടെനിന്നു കിട്ടേണ്ട പിന്തുണ കിട്ടിയില്ല. ഐക്യമുന്നണിയുടെ ഒരു നേതാവിനെ വട്ടമിട്ടാക്രമിച്ചയാളുടെ മകളുടെ കല്ല്യാണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പിന്നീട് അയാളുടെ വീട്ടിലെ വിവാഹനടത്തിപ്പുകാരായി മാറി. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനെ വേട്ടയാടുന്ന വൈരിയുടെ വീട്ടില്‍ പോയ സാഹചര്യം ഒഴിവാക്കാമായിരുന്നു.
തെരഞ്ഞെടുപ്പുകാലത്ത് മറ്റ് പലരെയും പോലെ ബാര്‍ ഉടമകളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കാറുണ്ട്.അനധികൃതമായോ അവിഹിതമായോ എന്തെങ്കിലും ആനുകൂല്യം ചെയ്തുകൊടുക്കുകയോ പ്രതിഫലം പറ്റുകയോ ചെയ്താലേ അഴിമതിയാകൂ.അങ്ങനെ താന്‍ ചെയ്തിട്ടില്ലെന്നും ആത്മകഥയില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിയോടുള്ള വിയോജിപ്പും ആത്മകഥയില്‍ പറയുന്നുണ്ട്. യുഡിഎഫിന്റെ ഒരു നേതാവിനെ വട്ടമിട്ടു ആക്രമിച്ചിട്ടും ബിജു രമേശിന്റെ മകളുടെ കല്യാണത്തില്‍ വീട്ടില്‍ ചെന്ന് പങ്കെടുത്തതും, ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ട ഫയല്‍ താന്‍ കാണരുതെന്ന് കെ.ബാബുവിന് നിര്‍ബന്ധമുണ്ടായിരുന്നു എന്നുമെല്ലാം പുസ്തകത്തിൽ പറയുന്നു. കെ ബാബുവിന് മുറിവേറ്റ കടുവയുടെ അമര്‍ത്തിയ മുരള്‍ച്ചയായിരുന്നുവെന്നും കുറ്റപ്പെടുത്തുന്നുണ്ട്.