നാട്ടുവാര്‍ത്തകള്‍

നിതീഷിന്റെ ഉളുപ്പില്ലാത്ത രാഷ്ട്രീയം

രാവിലെ ഇന്ത്യ മുന്നണി മുഖ്യമന്ത്രി, വൈകിട്ട് എന്‍ഡിഎ മുന്നണി മുഖ്യമന്ത്രി- രാജ്യത്തെ ഏറ്റവും ഉളിപ്പില്ലാത്ത രാഷ്ട്രീയ നേതാവ് എന്ന പദവി ഊട്ടിയുറപ്പിച്ചു പഴയ സോഷ്യലിസ്റ്റ് ആയ നിതീഷ് കുമാര്‍. ചാട്ടവും തിരിച്ചു ചാട്ടവും ഏറെ കണ്ട ബിഹാര്‍ ജനതയ്ക്കു നിതീഷിന്റെ നീക്കങ്ങളില്‍ വലിയ അത്ഭുതം തോന്നിയില്ലെങ്കിലും തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന 'ഇന്ത്യ' മുന്നണിയ്ക്കു ഇതുവലിയ ഷോക്കായി. കാരണം നരേന്ദ്ര മോദിയുടെ എന്‍ഡിഎക്കെതിരെ ബദല്‍ മുന്നണി എന്ന ആശയവുമായി ആദ്യം രംഗത്തുവന്ന ആളായിരുന്നു നിതീഷ്. അങ്ങനെ 'ഇന്ത്യ' മുന്നണി നിലവില്‍ വന്നു. 10 -15 എംപിമാരുമായി പ്രധാനമന്ത്രിയാവാം എന്നായിരുന്നു കണക്കുകൂട്ടല്‍. അത് നടക്കില്ലെന്നു തോന്നിയതോടെ പറഞ്ഞതെല്ലാം വിഴുങ്ങി നേരം ഇരുട്ടിവെളുത്തപ്പോള്‍ മോദി പാളയത്തിലേക്ക്. 'ഇന്ദുലേഖയില്ലേല്‍ തോഴിയായാലും മതി'യെന്ന സൂര്യ നമ്പൂതിരിപ്പാടിനെപ്പോലെ കൊതിച്ച പ്രധാനമന്ത്രി കസേരയില്ലേല്‍ ബിഹാര്‍ മുഖ്യമന്ത്രി കസേരയില്‍ തൃപ്തിയടയാം എന്ന നിതീഷിന്റെ മനോവിചാരം ആണ് ഈ കൂടുവിട്ട് കൂടുമാറ്റത്തിന് പിന്നില്‍.


നിതീഷിനെ വിശ്വസിച്ചു മുന്നണി നേതൃത്വത്തില്‍ കൊണ്ടുവന്ന 'ഇന്ത്യ' മുന്നണി നേതാക്കള്‍ക്ക് സ്വയം പഴിക്കാം. ഏതായാലും തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് തന്റെ തനിനിറം കാണിച്ചതോടെ 'ഇന്ത്യ' സഖ്യത്തിന് അത്രയും ആശ്വാസം. തെരഞ്ഞെടുപ്പിനുശേഷം കിട്ടിയ സീറ്റുമായി മോദിക്കൊപ്പം നിതീഷ് പോകുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹിന്ദിഹൃദയ ഭൂമിയില്‍ പരമാവധി സീറ്റുകള്‍ നേടിയ
ബിജെപിക്ക് ഇത്തവണ അവിടെ സീറ്റുകള്‍ കുറയുമെന്ന് ഉറപ്പായിരുന്നു. അങ്ങനെയിരിക്കെയാണ് നിതീഷിന്റെ 'ഘര്‍വാപ്പസി' . ഇത് ബിജെപിക്ക് ആശ്വാസമായിട്ടുണ്ട്.


നാലുവര്‍ഷത്തിനിടെ മൂന്നാമതും, ബിഹാറിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ ഒന്‍പതാംവട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്ത നിതീഷ്‌കുമാര്‍ ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വിശ്വസിക്കാന്‍ കൊള്ളാത്ത രാഷ്ട്രീയ നേതാവായി ചരിത്രത്തില്‍ രേഖപ്പെടുത്തും. പൊതുതെരഞ്ഞെടുപ്പ്‌ പിടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ, രണ്ടുവര്‍ഷം മുമ്പ്‌ ബന്ധമുപേക്ഷിച്ച ബി.ജെ.പിയുമായി വീണ്ടും കൈകോര്‍ത്ത ഈ ഉളുപ്പില്ലായ്മ്മ നിലപാടില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമായി മാറും. 2013 മുതല്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കുമിടയില്‍ അസാമാന്യ മെയ്‌വഴക്കത്തോടെ ചാഞ്ചാടിക്കളിക്കുന്ന നിതീഷിന്റെ വിനോദം ഇനിയും തുടരും എന്ന് ചുരുക്കം.

പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയുടെ നേതാവെന്ന നിലയില്‍ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിത്വം സ്വപ്‌നം കണ്ടിരുന്ന നിതീഷ്‌, ആ സാധ്യത അടയുന്നുവെന്ന ബോധ്യത്തിലാണു ചാട്ടത്തിനു തയാറായത് . കഴിഞ്ഞ 13-നു ചേര്‍ന്ന ഇന്ത്യ മുന്നണി നേതൃയോഗത്തില്‍ കണ്‍വീനര്‍ സ്‌ഥാനത്തേക്കു നിതീഷിന്റെ പേര്‌ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍ദേശിക്കുകയും ലാലുപ്രസാദ്‌ യാദവും ശരദ്‌പവാറും ഉള്‍പ്പെടെ മിക്ക നേതാക്കളും അനുകൂലിക്കുകയും ചെയ്‌തു. എന്നാല്‍, നിതീഷിനെ അംഗീകരിക്കാത്ത പശ്‌ചിമബംഗാള്‍ മുഖ്യമ്രന്തിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മമതാ ബാനര്‍ജി ആ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. മമതയുമായി ചര്‍ച്ചചെയ്‌ത്‌ യോജിപ്പിലെത്തിയശേഷം കണ്‍വീനറെ പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്‌.


ജനതാദളിലൂടെ രാഷ്‌ട്രീയജീവിതമാരംഭിച്ച നിതീഷ്‌ 1985-ല്‍ ആദ്യമായി ബിഹാറില്‍ എം.എല്‍.എയായി. 1994-ല്‍ സോഷ്യലിസ്‌റ്റ്‌ നേതാവ്‌ ജോര്‍ജ്‌ ഫെര്‍ണാണ്ടസുമൊത്ത്‌ സമതാ പാര്‍ട്ടി രൂപീകരിച്ചു. 1996-ല്‍ ലോക്‌സഭാംഗമായ നിതീഷ്‌, എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി. 2003-ല്‍ സമതാ പാര്‍ട്ടി ജനതാദളി(യു)ല്‍ ലയിച്ചതോടെ ആ പാര്‍ട്ടിയുടെ അമരക്കാരനായി . 2005-ല്‍ എന്‍.ഡി.എ. ബിഹാറില്‍ ഭൂരിപക്ഷം നേടുകയും നിതീഷ്‌ മുഖ്യമ്രന്തിയാവുകയും ചെയ്‌തു. 2010-ലും ഈ സഖ്യം വിജയമാവര്‍ത്തിച്ചു. എന്നാല്‍, നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധിച്ച്‌ 2013-ല്‍ നിതീഷ്‌ ബി.ജെ.പിമായി തെറ്റിപ്പിരിഞ്ഞു. തുടര്‍ന്ന്‌, രാഷ്‌ട്രീയ ജനതാദളുമായും കോണ്‍ഗ്രസുമായും കൈകോര്‍ത്ത്‌ യു.പി.എയുടെ ഭാഗമായി.


2014-ലെ പൊതുതെരെഞ്ഞടുപ്പില്‍ മോദി അധികാരത്തിലെത്തുകയും ബിഹാറില്‍ ജെ.ഡി.യുവിനു കനത്ത തിരിച്ചടി നേരിടുകയും ചെയ്‌തതോടെ നിതീഷ്‌ മുഖ്യമന്ത്രിസ്‌ഥാനം രാജിവച്ചു. പകരം ജിതന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കി. എന്നാല്‍, തൊട്ടടുത്തവര്‍ഷംതന്നെ മാഞ്ചിയെ മാറ്റി നിതീഷ്‌ വീണ്ടും മുഖ്യമന്ത്രിക്കസേര ഏറ്റെടുത്തു.


2017-ല്‍ അഴിമതിയാരോപിച്ച്‌ ആര്‍.ജെ.ഡിയുമായുള്ള ബന്ധം വേര്‍പെടുത്തി തിരികെ എന്‍.ഡി.എ. കൂടാരത്തിലെത്തി. 2020-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിനെക്കാള്‍ കൂടുതല്‍ സീറ്റ്‌ ബി.ജെ.പി. നേടിയെങ്കിലും നിതീഷിനെത്തന്നെ മുഖ്യമ്രന്തിയാക്കി. എന്നിട്ടും 2022-ല്‍ ബി.ജെ.പിയുമായുള്ള സഖ്യമുപേക്ഷിച്ച്‌ ആര്‍.ജെ.ഡിക്കൊപ്പം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു നിതീഷ് . ഇപ്പോള്‍ രണ്ടുവര്‍ഷത്തിനിടെ അതേ ബി.ജെ.പിയുമായി ചേര്‍ന്ന്‌ വീണ്ടും മുഖ്യമന്ത്രിയായിരിക്കുകയാണ്‌ അദ്ദേഹം. നിതീഷ്‌ വീണ്ടും ബി.ജെ.പിയുമായി കൈകോര്‍ക്കുന്നതിനെപ്പറ്റി മുന്‍ഉപമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സുശീല്‍കുമാര്‍ മോദി പ്രതികരിച്ചത് 'രാഷ്‌ട്രീയത്തില്‍ ഒരു വാതിലും അടഞ്ഞുകിടക്കുന്നില്ല. ആവശ്യമുള്ളപ്പോള്‍ തുറന്നുകയറാം' എന്നായിരുന്നു.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions