കാസര്‍ഗോഡ്: മാങ്ങാട് സ്വദേശിയായ 60കാരനില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ഹണിട്രാപ് സംഘം കാസര്‍ഗോഡ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ അടങ്ങുന്നതാണ് സംഘം. സംഘത്തില്‍ രണ്ട് യുവതികളുണ്ട്.
സന്നദ്ധ പ്രവര്‍ത്തകനാണ് ഹണിട്രാപ്പിന് ഇരയായത്. വിദ്യാര്‍ത്ഥിയാണെന്നും ലാപ്‌ടോപ് വേണമെന്നും ആവശ്യപ്പെട്ട് സംഘത്തിലെ യുവതികളില്‍ ഒരാള്‍ വയോധികനെ സമീപിച്ചു. ലാപ്‌ടോപ് നല്‍കുന്നതിന് മംഗലാപുരത്ത് എത്തിയ വയോധികനെ ഹോട്ടല്‍മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി നഗ്നനാക്കി ചിത്രങ്ങള്‍ എടുക്കുകയായിരുന്നു.
തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഇയാളെ ഭീഷണിപ്പെടുത്തി. ഗൂഗ്ള്‍പേ വഴി 10,000 ഉടന്‍ സംഘം കരസ്ഥമാക്കി. 4.90 ലക്ഷം രൂപ പിന്നീട് കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ വയോധികന്‍ മേല്‍പ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസിന്റെ നിര്‍ദേശപ്രകാരം സംഘത്തോട് മേല്‍പ്പറമ്പില്‍ എത്താന്‍ വയോധികന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു.