കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ മുന്‍ സീനിയര്‍ ഗവ.പ്ലീഡര്‍ അഡ്വ.പി.ജി മനു കീഴടങ്ങി. പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനില്‍ ആണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതോടെയാണ് കീഴടങ്ങല്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മനുവിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചുവെന്നാണ് മനുവിനെതിരായ കേസ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ച് കീഴടങ്ങാന്‍ നല്‍കിയ സമയപരിധി കഴിഞ്ഞതോടെ പുത്തന്‍കുരിശ് പോലീസ് മനുവിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
ബലാത്സംഗക്കേസില്‍ നിയമസഹായം തേടിയെത്തിയതായിരുന്നു യുവതി. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണു പരാതിക്കാരിയും മാതാപിതാക്കളും കഴിഞ്ഞ ഒക്ടോബറില്‍ അഭിഭാഷകനെ കാണാനെത്തിയത്. കേസിന്റെ ആവശ്യത്തിനായി ഓഫിസിലേക്ക് വിളിച്ചുവരുത്തി മനു പീഡിപ്പിച്ചെന്നും സ്വകാര്യചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് എറണാകുളം സ്വദേശിനിയുടെ പരാതി.
റൂറല്‍ എസ്.പിക്ക് ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ മനു ഹൈക്കോടതി സീനിയര്‍ ഗവ.പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു.