ന്യൂഡല്‍ഹി: ജനപക്ഷം നേതാവ് പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ നടന്ന ചടങ്ങിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന്‍, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായി പി സി കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ കരുത്തനായ നേതാവാണ് പി സി ജോര്‍ജെന്നും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പോരാടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായിരുന്ന പി.സി ജോര്‍ജ് കഴിഞ്ഞ ദിവസമാണ് ബിജെപിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണ നല്‍കുന്നതാണ് ശരിയെന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രഖ്യാപനം. താനടക്കമുള്ള ജനപക്ഷം അംഗങ്ങള്‍ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. അംഗത്വമെടുത്ത് ഔദ്യോഗിക ബിജെപി അംഗമാകാന്‍ തന്നെയാണ് എല്ലാ ജനപക്ഷം അംഗങ്ങളും താത്പര്യപ്പെടുന്നതെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. തന്റെ നീക്കത്തിന് സഭയുടെ പിന്തുണയുണ്ടെന്നും പി.സി ജോര്‍ജ് അവകാശപ്പെട്ടിരുന്നു.