തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിനെതിരെ സംസ്ഥാന നിയമസഭയില്‍ പ്രമേയം പാസാക്കി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച പ്രമേയത്തില്‍ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമര്‍ശനമാണ് ഉള്ളത്. കേന്ദ്രസര്‍ക്കാരിനെതിരെ ഫെബ്രുവരി 9 ന് ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രമേയം പാസാക്കിയത്.
'സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങള്‍ക്കും നിയമനിര്‍മാണ അധികാരങ്ങള്‍ക്കും മേല്‍ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നുവരുന്നത്. ഭരണഘടനാദത്തമായി സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ചില നടപടികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്' പ്രമേയം അവതരിപ്പിച്ചുകൊണ്ട് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
സാമൂഹ്യ ക്ഷേമം ഉള്‍പ്പെടെ ആകെ ചെലവുകളുടെ സിംഹഭാഗവും ഇന്ത്യയില്‍ സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. എന്നാല്‍, റവന്യു വരുമാനത്തിന്റെ ഗണ്യമായ പങ്ക് യൂണിയന്‍ ഗവണ്‍മെന്റിനാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ഭരണഘടനാദത്തമായ മാര്‍ഗമാണ് ധനകാര്യകമ്മീഷനുകളെന്നും സംസ്ഥാന ധനവകുപ്പ് മന്ത്രി പറഞ്ഞു.
ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ കാറ്റില്‍ പറത്തി ഗ്രാന്‍ഡുകള്‍ തടഞ്ഞുവച്ചു. കേന്ദ്ര നടപടി ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്നതാണ്. ഭരണഘടനാദത്തമായി സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ചില നടപടികള്‍ എത്തിച്ചിരിക്കുന്നതെന്നും പ്രമേയും കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു കേന്ദ്ര സര്‍ക്കാറിനെതിരായ പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയത്. കേന്ദ്രത്തിനെതിരായ പ്രമേയത്തെ പിന്തുണയ്ക്കാതിരിക്കാന്‍ നാടകം കാണിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.