ന്യുഡല്‍ഹി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് തിരഞ്ഞെടുക്കപ്പെട്ട മാര്‍ റാമഫല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സഭയുടെ സ്‌നേഹവും ആദരവും സര്‍ക്കാരിനെ അറിയിക്കാനാണ് വന്നത്. അജണ്ട വച്ചുള്ള ഒരു സന്ദര്‍ശനമല്ല. ഹൃദ്യമായുള്ള ഒരു സംഭാഷണമാണ് നടന്നത്. അതിനപ്പുറം ഒരു അജണ്ടയുമില്ല. സര്‍ക്കാര്‍ എന്നും പരിഗണന നല്‍കുമെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
സഭയ്ക്ക് ആശങ്കകള്‍ ഒരുപാട് വിഷയങ്ങളിലുണ്ടെങ്കിലും ഈ ഘട്ടത്തില്‍ അതൊന്നും ചര്‍ച്ച ചെയ്തില്ല. സിബിസിഐ യോഗം കഴിഞ്ഞിട്ടാണ് ഡല്‍ഹിയിലേക്ക വന്നത്. അവിടെ നടന്ന ചര്‍ച്ചകളുടെ വിശദാംശം ബന്ധപ്പെട്ടവര്‍ നല്‍കും. മണിപ്പൂര്‍ വിഷയമടക്കമൊന്നും ചര്‍ച്ചയായില്ല. മറിച്ചുള്ള വാര്‍ത്തകള്‍ എങ്ങനെ വന്നുവെന്ന് അറിയില്ല.
സഭയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ സംബന്ധിച്ച് സിബിസിഐ യോഗത്തില്‍ ചര്‍ച്ച വന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇതൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. അങ്ങനെയൊരു സാഹചര്യം താന്‍ സൃഷ്ടിച്ചുമില്ല. പ്രധാനമന്ത്രി ആരാഞ്ഞുമില്ലെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും മേജര്‍ ആര്‍ച്ച് ബിഷപ്പിന് ഒപ്പമുണ്ടായിരുന്നു.