യുകെയില്‍ പഠിക്കാനെത്തുന്ന യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍. ഉയര്‍ന്ന ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളോടാണ് യൂണിവേഴ്‌സിറ്റികള്‍ ആഭിമുഖ്യം പുലര്‍ത്തുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ വര്‍ഷം ഇയു ഇതര രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളില്‍ 1.5 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്ന് യുകാസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈന, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണമേറിയതാണ് ഇതിന് കാരണമായത്.
അതേസമയം വലിയ തോതില്‍ ഫീസ് നല്‍കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിലപാട് എടുക്കുമ്പോള്‍ ചില യുകെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ഉയര്‍ന്ന പണപ്പെരുപ്പം നിലനിന്ന ഘട്ടത്തില്‍ ട്യൂഷന്‍ ഫീസ് മരവിപ്പിച്ച് നിര്‍ത്തിയിരുന്നു. ഇതോടെ പിടിച്ചുനില്‍ക്കാനുള്ള ഫണ്ടിംഗ് ലഭിക്കാനായി യൂണിവേഴ്‌സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
ആഭ്യന്തര വിദ്യാര്‍ത്ഥികള്‍ക്ക് 9250 പൗണ്ട് ഫീസ് ക്യാപ്പ് നിലനില്‍ക്കുമ്പോള്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നും യാതൊരു പരിധിയും ഇല്ലാതെ പണം ഈടാക്കാം. ഈ വര്‍ഷം ജനുവരി വരെയുള്ള സമയരപരിധിയില്‍ 115,730 വിദേശ വിദ്യാര്‍ത്ഥികളാണ് അണ്ടര്‍ഗ്രാജുവേറ്റ് സീറ്റുകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചത്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.7 ശതമാനം അധികം.
എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ വരുന്നതിന്റെ ഗുണം എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റി അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് വാനെസാ വില്‍സണ്‍ പറഞ്ഞു. 40 ബില്ല്യണ്‍ പൗണ്ടിന്റെ വിദ്യാഭ്യാസ കയറ്റുമതിയാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ മൂലം നടക്കുന്നത്. ഇവര്‍ എന്‍എച്ച്എസ് സേവനങ്ങള്‍ക്കും പണം നല്‍കുന്നു. ഇതുവഴി നികുതിദായകനില്‍ നിന്നും, യുകെ വിദ്യാര്‍ത്ഥികളില്‍ നിന്നും അധികം പണം ഈടാക്കാതെ ആഭ്യന്തര വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് ചെയുന്നത്, അവര്‍ വ്യക്തമാക്കി.