ഗതാഗത കമ്മീഷണര്‍ക്ക് ഗണേഷിന്റെ പരസ്യശാസന; മന്ത്രിയുടെ ചേംബറില്‍ മേശപ്പുറത്തടിച്ച് കമ്മീഷണറുടെ രോഷ പ്രകടനം
തിരുവനന്തപുരം: ഗതാഗത കമ്മീഷണറും മന്ത്രിയും തമ്മിലുള്ള ഭിന്നത പരസ്യമായ പോരിലേയ്ക്ക്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ പുറത്തുപോയ ബിജു പ്രഭാകറിന് പിന്നാലെയാണ് അടുത്ത അസ്വാരസ്യം വകുപ്പില്‍ പുകയുന്നത്. ഇന്നലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗത്തില്‍ ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിക്കുകയായിരുന്നു.
ഇതിന് ശേഷം ശ്രീജിത്തിന് മറുപടി പറയാനുള്ള അനുമതി മന്ത്രി നല്‍കിയതുമില്ല. ഇത് വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തില്‍ മന്ത്രി ശകാരിക്കാന്‍ മുതിര്‍ന്നപ്പോഴായിരുന്നു സംഭവം. ഗതാഗത കമ്മിഷണര്‍ അതേ ഭാഷയില്‍ തിരിച്ചു പ്രതികരിക്കുകയായിരുന്നു.
ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതര്‍ക്കം അഞ്ചു മിനിറ്റോളം നീണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. യോഗം കഴിഞ്ഞ് കമ്മീഷണര്‍ മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായത്.
അതേസമയം, കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിങ് സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ് മന്ത്രി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചത്. 2023ല്‍ തുടങ്ങുമെന്ന് പല ഉറപ്പുകളും സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
നിലവിലുള്ള 6131 ഡ്രൈവിങ് സ്‌കൂളുകളെയും തീരുമാനം ബാധിക്കുമെന്നതിനാല്‍ ഡ്രൈവിങ് സ്‌കൂളുകളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച ശേഷം അവര്‍ മൂലധനമിറക്കി കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങാമെന്നതായിരുന്നു ഗതാഗതവകുപ്പിന്റെ അന്നത്തെ നിര്‍ദേശം.
എന്നാല്‍ അത് സര്‍ക്കാരിനു ബാധ്യതയാകുമെന്നും കോര്‍പറേറ്റ് കമ്പനികള്‍ ഉള്‍പ്പെടെ ആര്‍ക്കും വരാവുന്ന രീതിയില്‍ കരാര്‍ വിളിക്കുന്നതാണ് നല്ലതെന്നുമായിരുന്നു അന്നത്തെ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്. പിന്നീട് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടിരുന്നു. എന്നാല്‍ ഇതില്‍ ഇപ്പോഴും അന്തിമ തീരുമാനമാനം ആയിട്ടില്ല.
മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം നിരന്തര വിവാദങ്ങളിലാണ് ഗണേഷ് കുമാര്‍ ചെന്ന് ചാടുന്നത്. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന നിലപാട് വിവാദമാവുകയും, എന്നാല്‍ കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്‌തതോടെ ബിജു പ്രഭാകറുമായി മന്ത്രി ഇടഞ്ഞിരുന്നു. ഇതോടെയാണ് ബിജു പ്രഭാകര്‍ പുറത്തേക്ക് പോയത്. ഇതിന് പിന്നാലെയാണ് എസ് ശ്രീജിത്തുമായും മന്ത്രി കൊമ്പുകോര്‍ത്തത്.