പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് സഹായകരമായ ഏറ്റവും ആധുനികമായ മരുന്ന് എന്‍എച്ച്എസ്സില്‍ ലഭ്യമാകും. ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകളിലേയ്ക്ക് സന്ദേശങ്ങള്‍ കൈമാറാന്‍ ബ്രെയിനിനെ സഹായിക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനം പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ കാഠിന്യം വളരെ കുറയ്ക്കാന്‍ സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആദ്യഘട്ടമായി പാര്‍ക്കിന്‍സണ്‍ രോഗമുള്ള ആയിരം ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
ഫോസ്ലെവോഡോപ്പ എന്നാണ് പുതിയ ചികിത്സാരീതി അറിയപ്പെടുന്നത്. 24 മണിക്കൂര്‍ പോര്‍ട്ടബിള്‍ കിറ്റ് ധരിക്കുന്നതുള്‍പ്പെടെയുള്ള ഈ ചികിത്സാരീതി പാര്‍ക്കിന്‍സണ്‍ രോഗം മൂലം ബുദ്ധിമുട്ടുന്നവരില്‍ വളരെയേറെ ആശ്വാസം നല്‍കുമെന്നാണ് പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. മുഴുവന്‍ സമയവും രക്തത്തിലേക്ക് മരുന്നുകള്‍ കയറ്റിവിടാന്‍ സഹായിക്കുകയാണ് പുതിയ ചികിത്സാരീതിയില്‍ മുഖ്യമായും ചെയ്യുന്നത്.
പല പാര്‍ക്കിന്‍സണ്‍ രോഗികളും അവരുടെ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ 20 ലധികം ഗുളികകള്‍ പ്രതിദിനം കഴിക്കേണ്ടതായി വരുന്നുണ്ട്. ഫോസ്ലെവോഡോപ്പ, ഫോസ്കാര്‍ബിഡോപ്പ എന്നീ രണ്ട് മരുന്നുകളുടെ സംയോജനമാണ് പ്രൊഡ്യൂഡോപ്പ. ഫോസ്ലെവോഡോപ്പയെ ഡോപാമൈന്‍ എന്ന രാസവസ്തുവാക്കി മാറ്റുന്നതിലൂടെ ആണ് ഇത് പ്രവര്‍ത്തിക്കുന്നത് . ഇത് ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെയും ഞരമ്പുകളുടെയും ഇടയില്‍ ഫലപ്രദമായി സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്നു. അമിതമായ ചലനം അല്ലെങ്കില്‍ വിറയല്‍ പോലെയുള്ള പാര്‍ക്കിന്‍സണ്‍ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു.
പുതിയ മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയത് മഹത്തായ വര്‍ത്തയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ സ്പെഷ്യലൈസ് ഡ് സേവനങ്ങള്‍ക്കായുള്ള മെഡിക്കല്‍ ഡയറക്ടര്‍ ജെയിംസ് പാമര്‍ പറഞ്ഞു.