തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപ്പോകപ്പെട്ട രണ്ട് വയസുകാരിയെ 19 മണിക്കൂറിനു ശേഷം കണ്ടെത്തി. പൊലീസിന്റെ ഡ്രോണ്‍ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. ബ്രഹ്‌മോസിന് പിന്‍വശം 1.25 കിലോമീറ്റര്‍ അകലെ കൊച്ചുവേളി റെയില്‍ വേ സ്‌റ്റേഷന് സമീപത്ത് നിന്നുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 1.5 മീറ്റര്‍ ആഴമുള്ള വെള്ളമില്ലാത്ത ഓടയിലാണ് കുട്ടി ഉണ്ടായിരുന്നത്. രാത്രി 7.20ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്.
ഡ്രോണില്‍ പതിഞ്ഞ ദൃശ്യത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മണ്ണന്തല പൊലീസ് നേരിട്ട് എത്തി പരിശോധന നടത്തുകയായിരുന്നു. കുട്ടി സുരക്ഷിതയാണെന്നും കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ട് പോകുകയാണ് എന്ന് ഡിസിപി നിധിന്‍ രാജ് പറഞ്ഞു. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയില്‍ കുട്ടിക്ക് പ്രശ്‌നങ്ങളില്ല. ശാരീരിക ഉപദ്രവം നേരിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബാക്കി കാര്യങ്ങള്‍ മെഡിക്കല്‍ പരിശോധനയില്‍ അറിയുമെന്ന് ഡിസിപി പറഞ്ഞു.
തട്ടി കൊണ്ട് പോയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീന ദേവി ദമ്പതികളുടെ മകളായ മേരി സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങവെയാണ് കാണാതായത്. കുഞ്ഞിനെ സ്‌കൂട്ടറില്‍ കൊണ്ടുപോയെന്നാണ് സഹോദരന്‍ മൊഴി നല്‍കിയിരുന്നത്.