നാട്ടുവാര്‍ത്തകള്‍

അഴിയ്‌ക്കുംതോറും സിപിഎമ്മിനെ വരിഞ്ഞുമുറുക്കുന്ന ടിപി ക്കേസ്



കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധം കേരളത്തിലെ സിപിഎം നേതൃത്വത്തിനു ഏല്‍പ്പിച്ച ആഘാതം ചില്ലറയല്ല. കേസിലെ അന്വേഷണവും നിയമനടപടികളും തുടങ്ങി ഒരു വ്യാഴവട്ടമാവുമ്പോഴും പാര്‍ട്ടി നേരിടുന്നത് വലിയ തിരിച്ചടി തന്നെ. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധിവന്ന് പത്തുവര്‍ഷത്തിനുശേഷമാണ് സി.പി.എം. മുന്‍ ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം കെ.കെ. കൃഷ്ണന്‍, കുന്നോത്തുപറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ജ്യോതിബാബു എന്നിവരെ പ്രതി ചേര്‍ക്കാന്‍ ഹൈക്കോടതിയുടെ നിര്‍ണായകവിധി വന്നത് .

വിചാരണക്കോടതി വെറുതേവിട്ടവര്‍ക്കെതിരേ കെ.കെ. രമ നല്‍കിയ അപ്പീലിലാണ് ഇവരെ ഹൈക്കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇതോടെ ടി.പി. കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ഏഴുപേരില്‍ അഞ്ചുപേരും കുറ്റക്കാരായി. അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൃഷ്ണന്‍ പത്താം പ്രതിയായിരുന്നു. ജ്യോതിബാബു 12-ാം പ്രതിയും. ഇവര്‍ ഉള്‍പ്പെടെ ഏഴാളുടെപേരിലാണ് അന്വേഷണസംഘം ഗൂഢാലോചനക്കേസ് ചുമത്തിയത്.

ഇതില്‍ എട്ടാംപ്രതി കെ.സി. രാമചന്ദ്രന്‍, 11-ാം പ്രതി ട്രൗസര്‍ മനോജ്, 13-ാം പ്രതി പി.കെ. കുഞ്ഞനന്തന്‍ എന്നിവരെ വിചാരണക്കോടതി അന്നുതന്നെ ശിക്ഷിച്ചു. പി. മോഹനന്‍, സി.എച്ച്. അശോകന്‍, കെ.കെ. കൃഷ്ണന്‍, ജ്യോതിബാബു എന്നിവരെ വെറുതേവിട്ടു.

ടി.പി.യെ വധിക്കാന്‍ നടന്ന ആദ്യഗൂഢാലോചനയില്‍ത്തന്നെ കെ.കെ. കൃഷ്ണന്റെ സാന്നിധ്യം കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഈ ഗൂഢാലോചനയ്ക്കുശേഷമാണ് സി.പി.എം. കുന്നുമ്മക്കരലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എട്ടാംപ്രതി കെ.സി. രാമചന്ദ്രന്‍ കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ജ്യോതിബാബുവിനെ ബന്ധപ്പെട്ടതെന്നാണ് കുറ്റപത്രം പറയുന്നത്.

ടി.പി. വധക്കേസില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആര്‍.എം.പി. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉള്‍പ്പെടെയുവരുടെ പങ്ക് തെളിയിക്കാനാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് ആര്‍.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. ഇതോടെ ടി.പി. കേസിലെ നിയമയുദ്ധം നീളുമെന്ന് ഉറപ്പായി. സി.പി.എമ്മിന്റെ ഉന്നത നേതൃത്വം ഗൂഢാലോചന നടത്തിയാണ് ചന്ദ്രശേഖരനെ കൊന്നതെന്ന തങ്ങളുടെ വാദം ഹൈക്കോടതി ഭാഗികമായെങ്കിലും അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.


വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് രാത്രി 10:15 ഓടെയാണ് ആര്‍എംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരനെ ക്വട്ടേഷന്‍ സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം 51 തവണ വെട്ടിക്കൊലപ്പെടുതിയത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു അത്. വിചാരണയ്ക്ക് ശേഷം 2014ല്‍ എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തന്‍ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പികെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചിരുന്നു.

സിപിഎം നേതൃത്വം പ്രതിക്കൂട്ടിലായിട്ടും ശിക്ഷിക്കപ്പെട്ട പ്രതികളുമായുള്ള നേതാക്കളുടെ ബന്ധവും ഇടപെഴകലും ഏവരും കണ്ടതാണ്. തങ്ങളുടെ കണ്ണിലെ കരടായ ടിപിയെ വക വരുത്താന്‍ തീരുമാനിച്ച നേതാക്കള്‍ക്ക് കെ കെ രമ തന്റെ വിശ്രമമില്ലാത്ത പോരാട്ടങ്ങള്‍ക്കൊണ്ടു മറുപടി നല്‍കുന്നതും രാഷ്ട്രീയ കേരളം കണ്ടു.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions