നാട്ടുവാര്‍ത്തകള്‍

യുവാക്കള്‍ വിദേശത്തേക്കു പോകുന്നതു ബ്രെയിന്‍ ഡ്രെയിനല്ല, ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി


യുവാക്കള്‍ തൊഴില്‍ തേടി വിദേശത്തേക്കു പോകുന്നതിനെ കേവലം ബ്രെയിന്‍ ഡ്രെയിന്‍ ആയി ചുരുക്കിക്കാണേണ്ടതില്ലെന്നും കേരളത്തിന്റെ സോഷ്യല്‍ ക്യാപിറ്റലിനെ ലോകത്താകെ വിന്യസിക്കുന്ന പ്രക്രിയയായി ഇതിനെ കാണാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

തൊഴിലുകള്‍ ഇല്ലാത്തതോ മാന്യമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യമില്ലാത്തതോ ആയ സ്ഥലമാണ് കേരളമെന്നു പലരും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് ഇതുകൊണ്ടാണെന്ന് അത്തരക്കാര്‍ ആക്ഷേപിക്കാറുണ്ട്. നമ്മുടെ യുവാക്കള്‍ തങ്ങളുടെ ശേഷികള്‍ക്കനുസൃതമായ തൊഴിലുകള്‍ തേടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പോകാറുണ്ട് എന്നത് വസ്തുതയാണ്. കുടിയേറ്റത്തിന്റെ ഒരു നൂറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന ചരിത്രം തന്നെ കേരളത്തിനുണ്ട്. ഏതു നൂതന മേഖലയിലും ലോകത്താകെ ഇന്നു മലയാളികളുള്ളത് നമ്മള്‍ ആ മേഖലകളിലെല്ലാം മികച്ച ശേഷികള്‍ കൈവരിച്ചതുകൊണ്ടാണ്. അതുകൊണ്ടു കേരളീയരുടെ പ്രവാസം നമ്മള്‍ ആര്‍ജ്ജിച്ച കഴിവുകളുടെയും ശേഷികളുടെയും ദൃഷ്ടാന്തമാണ്.

ചെറുപ്പക്കാര്‍ വിദേശത്ത് പോകുമ്പോള്‍ അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. സ്വകാര്യ ഏജന്‍സികളുടെ തട്ടിപ്പുകളില്‍ നിന്നു തൊഴിലന്വേഷകരെ മോചിപ്പിച്ചുകൊണ്ടാണ് ഒഡെപെക് എന്ന സംവിധാനം നടപ്പാക്കിയിട്ടുള്ളത്. ഏറ്റവും മികച്ച റിക്രൂട്ട്മെന്റ് ഏജന്‍സിക്കുള്ള 2022 ലെ ഫിക്കി അവാര്‍ഡ് കരസ്ഥമാക്കിയത് ഒഡെപെക് ആണ്. ഒഡെപെക്കിന് കീഴില്‍ അയാട്ടാ അംഗീകാരമുള്ള ഒരു ട്രാവല്‍ ഡിവിഷനുമുണ്ട്.

കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് 1,625 പേരെയാണ് ഒഡെപെക്കിലൂടെ റിക്രൂട്ട് ചെയ്തത്. സൗദി അറേബ്യ, യു എ ഇ, ഒമാന്‍, ഖത്തര്‍, യു കെ, അയര്‍ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റുകളാണ് നടത്തിയിട്ടുള്ളത്. ജര്‍മ്മനിയിലേക്ക് നഴ്‌സുമാര്‍ക്കുള്ള സൗജന്യ റിക്രൂട്ട്മെന്റും അതിനുള്ള സൗജന്യ പരിശീലനവും നടത്തിയത് ഒഡെപെക്കിലൂടെയാണ്. 2023 ആഗസ്റ്റ് മാസത്തിലാണ് ആദ്യ ബാച്ച് ജര്‍മ്മനിയിലേക്കു പോയത്. യു കെ എച്ച് ഇ ഇ (ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഇംഗ്ലണ്ട്) യുമായി ചേര്‍ന്ന് കഴിഞ്ഞ 3 വര്‍ഷമായി നഴ്‌സുമാര്‍ക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. 600 ലധികം നഴ്‌സുമാര്‍ക്ക് 3 വര്‍ഷത്തിനകം യു കെയില്‍ ജോലി ലഭ്യമാക്കിയിട്ടുണ്ട്. നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് യു കെയിലെ ഡബ്ല്യു വൈ ഐ സി ബി (വെസ്റ്റ് യോക്ഷേര്‍ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡ്) യുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.


വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ പഠിച്ച് ഉന്നതബിരുദം നേടാനും ഉന്നതജോലി ഉറപ്പാക്കുന്നതിനും ‘സ്റ്റഡി എബ്രോഡ്’ പദ്ധതി നടപ്പാക്കുന്നുണ്ട്. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സുമായി സഹകരിച്ച് റിയാദ്, ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ഇന്റര്‍നാഷണല്‍ എംപ്ലോയ്‌മെന്റ് എക്സ്പോകള്‍ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, അങ്കമാലി, കോഴിക്കോട്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. അവയിലൂടെ ഐ ഇ എല്‍ ടി എസ്, ഒ ഇ ടി എന്നീ പരീക്ഷകള്‍ക്കും ജര്‍മ്മന്‍ ഭാഷയിലും പരിശീലനം നല്‍കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ഒ ഇ ടി പരീക്ഷാകേന്ദ്രമാണ് 2021 ല്‍ അങ്കമാലിയില്‍ ആരംഭിച്ചത്.

വിദേശത്ത് പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഒരുക്കുമ്പോള്‍ത്തന്നെ കേരളത്തില്‍ മികച്ച സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നുറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും മികച്ച തൊഴില്‍ സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്നാണ് ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പഠനം പൂര്‍ത്തിയാക്കി തൊഴില്‍രംഗത്ത് ഇറങ്ങുന്ന ഇന്ത്യയിലെ കൂടുതല്‍ യുവജനങ്ങളും ലിംഗഭേദമന്യേ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നാട് കേരളമാണെന്ന് ആ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 18 നും 21 നും ഇടയിലുള്ള പ്രായക്കാരില്‍ ഏറ്റവും തൊഴില്‍ക്ഷമതയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലിചെയ്യാന്‍ ഇഷ്ടപ്പെടുന്ന രാജ്യത്തെ നഗരങ്ങളില്‍ കൊച്ചി രണ്ടാമതും തിരുവനന്തപുരം നാലാമതുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions