പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവം; കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍
മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ചാലിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ പരിശീലകന്‍ സിദ്ധിഖ് അലി അറസ്റ്റില്‍. കരാട്ടെ പരിശീലകന്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് അറസ്റ്റ്. വാഴക്കാട് പൊലീസ് പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി എട്ടോടെ ചാലിയാര്‍ പുഴയില്‍ അധികം വെള്ളമില്ലാത്ത ഭാഗത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ മേല്‍ വസ്ത്രം ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും പരിശീലകനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നതായും കുടുംബം ആരോപിച്ചു.
സ്‌കൂളിലെ കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറയുന്നത്. സ്‌കൂള്‍ അധികൃതര്‍ കോഴിക്കോട് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. തുടര്‍ന്ന് പരാതി വാഴക്കാട് പൊലീസിന് കൈമാറുകയായിരുന്നു. പെണ്‍കുട്ടി ഈ സമയം സംസാരിക്കാന്‍ കഴിയുന്ന മാനസിക നിലയില്‍ ആയിരുന്നില്ല.
ഇതേ തുടര്‍ന്ന് മൊഴിയെടുക്കല്‍ മാറ്റി വയ്ക്കുകയായിരുന്നു. പ്രതി സിദ്ധിഖ് അലിയ്‌ക്കെതിരെ നിലവില്‍ രണ്ട് പോക്‌സോ കേസുകളുണ്ട്. മൂന്ന് വര്‍ഷത്തോളമായി പ്രതി പെണ്‍കുട്ടിയെ പീഡീപ്പിച്ചിരുന്നതായി കുടുംബം പറഞ്ഞു.