ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിക്ക് പശ്ചിമ ബംഗാളില്‍ തിരിച്ചടി. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ബംഗാളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നലെ ആരംഭിച്ച് 24 മണിക്കൂര്‍ പിന്നിടും മുന്‍പാണ് പാര്‍ട്ടി നേതാവ് ഡെറിക് ഒ ബ്രിയാന്‍ നിലപാട് വ്യക്തമാക്കിയത്.
ബംഗാളിലെ 42 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആഴ്ചകള്‍ക്ക് മുന്‍പേ പാര്‍ട്ടി ചെയര്‍പഴ്‌സണും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വ്യക്തമാക്കിയതാണ്. അസ്സമിലെ ചില സീറ്റുകളിലും മേഘാലയയിലെ ഒരു സീറ്റിലും പാര്‍ട്ടി മത്സരിക്കും. അതില്‍ ഒരു മാറ്റവുമില്ലെന്നും ഡെറിക് ഒ ബ്രിയന്‍ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായും ഡല്‍ഹി, ഗുജറാത്ത്, ഗോവ, ഹരിയാന എന്നിവിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സീറ്റ വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിരിക്കേയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിമുഖത അറിയിച്ചത്. അതേസമയം, പഞ്ചാബില്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ചയായിട്ടില്ല. ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഇതിനകം വ്യക്തമാക്കികഴിഞ്ഞു.