മൂന്നാര്‍: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. കന്നിമല ടോപ് ഡിവിഷന്‍ സ്വദേശി സുരേഷ്‌കുമാര്‍ (മണി-45) ആണ് കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.30 യോടെയായിരിന്നു ആക്രമണം. ഓട്ടോയില്‍ സഞ്ചാരിക്കുകയായിരുന്നു മണി, ഓട്ടോക്ക് പുറത്തിറങ്ങിയപ്പോള്‍ ആയിരുന്നു സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുള്‍പ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.
ഓട്ടോ ഡ്രൈവറാണു മരിച്ച മണി. സ്കൂള്‍ ആനിവഴ്‌സറി കഴിഞ്ഞു മടങ്ങിയ കുടുംബവുമായി മൂന്നാറില്‍നിന്ന് കന്നിമലയിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടാന ആക്രമിച്ച് മറിച്ചിടുകയായിരുന്നു. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാന്‍, തെറിച്ചുവീണ മണിയെ തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍നിന്ന് എണീക്കവേ ആന വീണ്ടും ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വനംവകുപ്പ് കാര്യക്ഷമമായി വന്യജീവി ആക്രമണങ്ങളില്‍ പ്രതിവിധി കണ്ടെത്തുന്നില്ല എന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും കാട്ടാന ആക്രമണം.
സംഭവത്തില്‍ വന്‍ പ്രതിഷേധം ആണ് ഉയരുന്നത്. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.