യുവാവിനെയും യുവതിയെയും വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അഞ്ചലില്‍ യുവാവിനെയും യുവതിയെയും വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് തടിക്കാട് പൂണച്ചുല്‍വീട്ടില്‍ സിബിമോള്‍ (37) പാങ്ങരംവീട്ടില്‍ ബിജു (47) എന്നിവരെ സിബിമോളുടെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. സിബിമോളുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.
കുറച്ചുകാലമായി സിബിമോളും ബിജുവും തമ്മില്‍ അടുത്തബന്ധമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തിങ്കളാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ സിബിമോളുടെ വീട്ടില്‍ ജോലിക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികള്‍ ട്യൂഷനു പോയിരുന്നു.
മരിച്ച സിബിമോളുടെ ഭര്‍ത്താവ് വിദേശത്താണ്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബിയുടെ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. സിറ്റൗട്ടിലിരുന്ന സിബിയെ ഇയാള്‍ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
വീടിന് പുറത്തുനിന്ന കുട്ടികള്‍ ഓടിവന്ന് വീടിന്റെ ജനാലകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപ്പോഴേക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ കട്ടില്‍ കത്തിയ നിലയിലായിരുന്നു.
ഇരുവരും വിവാഹിതരാണ്. ഇരുവര്‍ക്കും രണ്ടുകുട്ടികള്‍ വീതമുണ്ട്. ബിജുവും സിബിയും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി സിബിയുടെ ബന്ധുക്കള്‍ പറയുന്നു. ബിജുവിന് സിബി പണം കടം കൊടുത്തിരുന്നു. സിബിയുടെ ഭര്‍ത്താവ് ഉദയകുമാര്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നപ്പോള്‍ സാമ്പത്തിക വിവരം അറിയുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
മാര്‍ച്ചില്‍ പണം തിരികെ കൊടുക്കാം എന്നാണ് അന്ന് ബിജു പോലീസിനോട് സമ്മതിച്ചിരുന്നത്. ഇപ്പോള്‍ പണം തിരികെ നല്‍കേണ്ട ദിവസം അടുത്തപ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വരും ദിവസങ്ങളില്‍ നടത്തുമെന്നും പോലീസ് അറിയിച്ചു.