സിദ്ധാര്‍ഥിന്റെ മരണത്തില്‍ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍ ഹൈക്കോടതിയിലേയ്ക്ക്
തിരുവനന്തപുരം: സിദ്ധാര്‍ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്തായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് കത്ത് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു.
സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചത് സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നാണ്. മരിച്ച ശേഷം ഒരു ചാന്‍സലര്‍ കൂടിയായ തനിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പോലും സര്‍വകലാശാല തയ്യാറായില്ല. ഇന്നലെ മാത്രമാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇത് റാഗിങ് അല്ല. ഇത് കൊലപാതകമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഭക്ഷണം ഒന്നും കഴിക്കാതെ സിദ്ധാര്‍ഥിന്റെ വയര്‍ ഒഴിഞ്ഞനിലയിലായിരുന്നു. സിദ്ധാര്‍ഥിനെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അവര്‍ അനുവദിച്ചില്ല. 24 മണിക്കൂറിലധികം നേരമാണ് ഇത്തരത്തില്‍ ഭക്ഷണം നിഷേധിച്ചത്. ഇതെങ്ങനെയാണ് ക്യാമ്പസില്‍ സംഭവിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.
സര്‍വകലാശാല ക്യാമ്പസില്‍ എങ്ങനെയാണ് ഇത്തരമൊരു കിരാത സംഭവം ഉണ്ടാവുന്നത്? സര്‍വകലാശാല അധികൃതര്‍ ആരും ഇത് ശ്രദ്ധിക്കുക പോലും ചെയ്തില്ല. ഇതില്‍ ദുരൂഹത ഉണ്ട്. എല്ലാ സര്‍വകലാശാലയിലും ഒരു ഹോസ്റ്റല്‍ എസ്എഫ്ഐ അവരുടെ ഹെഡ് ക്വര്‍ട്ടേഴ്സ് ആയി മാറ്റിയിരിക്കുകയാണ്. ക്യാമ്പസുകളില്‍ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ട് ഉണ്ട്. ഇത് താന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലും ഈ കൂട്ടുകെട്ട് ഉള്ളതായും ഗവര്‍ണര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസുകാരെ മുഴുവനായി കുറ്റം പറയുന്നില്ല. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളില്‍ ഒന്നാണ് കേരളത്തിലുള്ളത്. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടി അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. സര്‍വകലാശാല അധികൃതരുടെ ഭാഗത്താണ് ഗുരുതര തെറ്റ് സംഭവിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
റാഗിങ് നടന്ന് മൂന്ന് ദിവസം കഴിഞ്ഞും അധികൃതര്‍ ആരും അറിഞ്ഞില്ലേ? സംഭവം നടന്നശേഷം ചാന്‍സലറെ അറിയിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല. ഇന്നലെ മാത്രമാണ് ഇത് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറുടെ നീക്കം അസാധാരണമാണ്. വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയോട് യോജിപ്പില്ലെന്ന് മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു.