ന്യുഡല്‍ഹി: അഴിമതി കേസുകളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭാ സമാജികര്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് സുപ്രീം കോടതി. വോട്ടിന് കോഴയുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ഏഴംഗ ബെഞ്ചിന്റെ സുപ്രധാന വിധി.
സഭയില്‍ നടത്തുന്ന പ്രസംഗത്തിന്റെയോ വോട്ടിന്റെയോ പേരിലുള്ള കോഴ ആരോപണത്തില്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പ്രത്യേക പരിരക്ഷ നല്‍കുന്ന 1998ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവാദണ് ഇന്ന് സുപ്രീം കോടതി തിരുത്തിയത്.
അഴിമതിയെ പാര്‍ലമെന്ററി പരിരക്ഷ കൊണ്ട് സംരക്ഷിക്കാന്‍ കഴിയില്ലെന്നും 1998ലെ ഉത്തരവിന്റെ നിര്‍വചനം ഭരണഘടനയുടെ അനുഛേദം 105നും 194നും വിരുദ്ധമാണെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി.
2012ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോഴ വാങ്ങി വോട്ട് ചെയ്ത കേസില്‍ 98 ലെ വിധി പ്രകാരം തന്നെ കുറ്റവിമുക്തയാക്കണമെന്ന ആവശ്യപ്പെട്ട് ജെഎംഎം നേതാവ് ഷിബു സോറന്റെ മരുമകള്‍ സീത സോറന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഏഴ് അംഗ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചത്.