കോട്ടയം: പാലാ പൂവരണിയില്‍ നാടിനെ നടുക്കി ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ഉരുളികുന്നം കുടിലിപ്പറമ്പില്‍ ജെയ്‌സണ്‍ തോമസ് (43), ഭാര്യ ഇളങ്ങുളം കളരിയ്ക്കല്‍ കുടുംബാംഗം മെറീന (29) മക്കളായ ജെറാള്‍ഡ് (4),ജെറീന (2), ജെറില്‍ (7 മാസം) എന്നിവരാണ് മരിച്ചത്. കുട്ടികളെ ശ്വാസംമുട്ടിച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. ജെയ്സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
വീടിനുള്ളില്‍ കട്ടിലില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം. ജെയ്സണെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇയാള്‍ ഒരു വര്‍ഷത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. റബര്‍ ഫാക്ടറിയിലെ ഡ്രൈവറാണ് ഇയാള്‍.
ഇന്ന് രാവിലെ ഏഴിന് ജെയ്‌സണ്‍ സഹോദരനെ വിളിച്ചതിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ജെയ്‌സണും മെറീനയും നേരത്തെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.