നാട്ടുവാര്‍ത്തകള്‍

ആന്റണിയുടെ മകനും കരുണാകരന്റെ മകളും ബിജെപിയിലെത്തുമ്പോള്‍....


ഒരു കാലത്തു കേരളത്തിലെ കോണ്‍ഗ്രസിന്റെ രണ്ടു ശക്തി കേന്ദ്രങ്ങളായിരുന്നു മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണിയും ലീഡര്‍ കെ കരുണാകരനും. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് കളിയ്ക്കു നിലമൊരുക്കിയവര്‍. എന്നാല്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. അതുകൊണ്ടുതന്നെ പണ്ടേ അധികാര മോഹികളായ നേതാക്കളുടെ കൂടുമാറ്റവും സാധാരണയായി. എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയിലെത്തിയപ്പോള്‍ മലയാളികള്‍ അമ്പരന്നിരുന്നു. അനില്‍ ആന്റണിയാകട്ടെ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്.

ഇപ്പോഴിതാ കെ. കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജയും ബിജെപി പാളയത്തിലേക്ക്. ബി.ജെ.പി.യുടെ നാലു സീറ്റുകളില്‍ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുവാനുണ്ട്. അതുകൊണ്ടുതന്നെ ചാലക്കുടിയില്‍ പത്മജ എത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ലീഡര്‍ കെ. കരുണാകരന്റെ മകളുടെ ബി.ജെ.പി പ്രവേശനം കോണ്‍ഗ്രസിനെ എല്ലാ രീതിയിലും വെട്ടിലാക്കുന്നുണ്ട്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി. എന്ന സി.പി.എം പ്രചാരണത്തെ ചെറുക്കാന്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് വല്ലാതെ പാടുപെടും.


തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപി മുന്‍കൈ എടുത്താണ് പത്മജയെ ബി.ജെ.പിയില്‍ എത്തിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ജയിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പത്മജയായിരിക്കും ബി.ജെ.പി. സ്ഥാനാര്‍ഥി എന്ന ഉറപ്പും അവര്‍ക്ക് കിട്ടിയിട്ടുണ്ട്.

പത്മജ ബി.ജെ.പിയിലേക്ക് എന്ന തരത്തില്‍ ഇന്നലെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ പത്മജയും അവരുമായി അടുത്ത വൃത്തങ്ങളും ആദ്യം അത് നിഷേധിച്ചു. എന്നാല്‍ രാത്രിയോടെ അവര്‍ തീരുമാനം മാറ്റുകയായിരുന്നു.
2016ലും 2021ലും തൃശൂര്‍ നിയോജക മണ്ഡലത്തില്‍ പത്മജയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രണ്ട് തെരഞ്ഞെടുപ്പിലും അവര്‍ തോറ്റു. പാര്‍ട്ടി കാല് വാരിയതാണ് തോല്‍വിക്ക് കാരണമെന്ന് പത്മജ പരാതി പറഞ്ഞിട്ടും പാര്‍ട്ടി മുഖവിലയ്ക്ക് എടുത്തില്ല.

കരുണാകരന്റെ സ്മാരകത്തിനായി കോടികള്‍ പാര്‍ട്ടി പിരിച്ചിട്ടും നിര്‍മാണം തുടങ്ങാത്തതില്‍ പത്മജയ്ക്ക് നീരസം ഉണ്ട്. അടുത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലും അവര്‍ക്ക് കണ്ണ് ഉണ്ടായിരുന്നു. എന്നാല്‍ അത് ലീഗിന് നല്‍കാമെന്ന വാഗ്ദാനത്തില്‍ അവരുടെ അവസാന സ്വപ്‌നവും പൊലിഞ്ഞു. ഇതെല്ലാം ആണ് പത്മജയുടെ ബി.ജെ.പി. പ്രവേശനത്തിന്റെ പെട്ടെന്നുള്ള കാരണങ്ങള്‍.

വടകരയില്‍ രണ്ടാമൂഴത്തിന് വോട്ടുതേടുന്ന കെ. മുരളീധരന് സഹോദരിയുടെ നിലപാടുമാറ്റം തിരിച്ചടിയായേക്കാം. ഇത് മനസിലാക്കി പത്മജ തള്ളിപ്പറഞ്ഞു മുരളി ആദ്യം രംഗത്തു വന്നിട്ടുണ്ട്. പത്മജ എന്ത് തീരുമാനമെടുത്താലും താന്‍ അതിനെ പിന്തുണയ്ക്കുമെന്ന് ഭര്‍ത്താവ് വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് വലിയ അവഗണന നേരിട്ടിട്ടുണ്ടെന്നും പത്മജ അതില്‍ വേദനിക്കുന്നത് കണ്ടിട്ടുണ്ടെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ നിന്ന് നേരിട്ട അവഗണനയാവാം ബിജെപിയില്‍ ചേരുന്നതിലേക്ക് നയിച്ചത്. രാഷ്ട്രീയമായി ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. കെ കരുണാകരന്‍ സ്മാരക നിര്‍മ്മാണം വൈകുന്നതിലും പത്മജ അസ്വസ്ഥയായിരുന്നു. സ്മാരക നിര്‍മ്മാണം പലരും എതിര്‍ത്തിരുന്നു. രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടിലിരിക്കാനായിരുന്നു താന്‍ പത്മജയോട് പറയാറുള്ളതെന്നും വേണുഗോപാല്‍ അറിയിച്ചു.

പത്മജയുടെ രാഷ്ട്രീയ തീരുമാനത്തിന് എല്ലാവിധ പിന്തുണയും നല്‍കും. ഭാര്യയുടെ വ്യക്തിപരമായ തീരുമാനങ്ങളെ താന്‍ എതിര്‍ക്കാറില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions