ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയതോടെ ബിജെപി ആശങ്കയിലായി. ചൊവ്വാഴ്ച പ്രവൃത്തിസമയം പൂര്‍ത്തികുംമുമ്പ് കൈമാറണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വൈകീട്ട് അഞ്ചരയോടെയാണ് കമ്മിഷന് എസ്.ബി.ഐ. വിവരങ്ങള്‍ നല്‍കിയത്. എസ്.ബി.ഐ.കൈമാറുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 15നകം പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം 2018 മുതല്‍ 2022 മാര്‍ച്ച് വരെ 5271 കോടി രൂപ ബോണ്ടുകള്‍ വഴി ബിജെപിക്ക് ലഭിച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ചത് 952 കോടി രൂപയായിരുന്നു. ആരൊക്കെ നല്‍കി, സ്വീകരിച്ചു എന്നതൊക്കെ പരസ്യമാകുന്നത് ബിജെപിയെ സമ്മര്‍ദ്ദത്തിലാഴ്ത്തും.
എസ്.ബി.ഐ. വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്. ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ ആറുവരെ സമയംതേടിയ എസ്.ബി.ഐ.യെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫെബ്രുവരി 15-ന് വിധിവന്നശേഷം 26 ദിവസം ബാങ്ക് എന്തുചെയ്‌ന്നായിരുന്നു കോടതിയുടെ ചോദ്യം.
എസ്.ബി.ഐ.ക്കെതിരേ ഇപ്പോള്‍ നടപടിയെടുക്കുന്നില്ലെന്നും എന്നാല്‍, നിര്‍ദേശങ്ങള്‍ സമയബന്ധിതമായി പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പുനല്‍കി.ഇലക്ടറല്‍ ബോണ്ടിനെതിരായി സിപിഐഎം, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ എന്നിവരായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയ 2019 ഏപ്രില്‍ 12 മുതല്‍ ഇതുവരെ നല്‍കിയ ബോണ്ടുകളുടെ വിവരങ്ങളായിരുന്നു എസ്.ബി.ഐ. നല്‍കേണ്ടത്. ഓരോ ബോണ്ടും വാങ്ങിയ തീയതി വാങ്ങിയവരുടെ പേര്, തുക എന്നിവ വ്യക്തമാക്കണം. ഇതിനൊപ്പം 2019 ഏപ്രില്‍ 12 മുതല്‍ ബോണ്ടുകള്‍ ലഭിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിവരങ്ങളും പ്രത്യേകമായി നല്‍കും. പാര്‍ട്ടികള്‍ പണമാക്കിമാറ്റിയ ഓരോ ബോണ്ടിന്റെ തീയതിയും തുകയുമടക്കമുള്ള വിവരങ്ങളുമുണ്ടാകും. വിഷയം തെരെഞ്ഞടുപ്പ് വിഷയമാക്കാന്‍ ചെറുകക്ഷികള്‍ക്കു മുന്നോട്ടു വരുമെന്നുറപ്പാണ്.