തിരുവനന്തപുരം: ഇത്തവണ നാനൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. കേരളത്തില്‍ ഇത്തവണ താമര വിരിയും എന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ബിജെപിക്ക് രണ്ട് അക്ക വോട്ട് ശതമാനം നല്‍കി. ഇത്തവണ രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.
മലയാളത്തില്‍ സംസാരിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. 'എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം', എന്ന് പറഞ്ഞതിന് പിന്നാലെ ശരണം വിളിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ അഴിമതി സര്‍ക്കാരാണുള്ളത്. ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം പോരടിക്കുകയാണ്. എന്നാല്‍ ശത്രുക്കളായവര്‍ ഡല്‍ഹിയിv ബന്ധുക്കളാണെന്നും മോദി പറഞ്ഞു. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍.ഡി.എഫ് എന്ന ചക്രം പൊളിക്കണം. ഈ ചക്രം പൊളിച്ചാലേ കേരളത്തിന് നീതി കിട്ടൂവെന്നും മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ പുരോഗമനപരമായി ചിന്തിക്കുന്നവാണെന്നും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കാലഹരണപ്പെട്ട ചിന്താഗതി വെച്ചു പുലര്‍ത്തുന്നവരാണെന്നും മോദി പരിഹസിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസുകാരെയും തിരിച്ചറിഞ്ഞ ജനം അവരെ തൂത്തെറിഞ്ഞു. കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്റംഗം പോലുമില്ലാത്ത സംസ്ഥാനങ്ങള്‍ ഇന്നുണ്ടെന്നും മോദി അവകാശപ്പെട്ടു. കേരളം മാറിച്ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ടയിലെ എന്‍ഡിഎ പ്രചാരണ വേദിയിലെത്തിയ മോദിയെ ആറന്മുള കണ്ണാടി നല്‍കിയാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി സ്വീകരിച്ചത്. ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി വി മുരളീധരന്‍ ഓണവില്ല് നല്‍കി മോദിയെ സ്വീകരിച്ചു. ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ നടരാജ വിഗ്രഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. അക്കാമ്മ ചെറിയാന്റെ ഛായാചിത്രം പദ്മജ വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് കൈമാറി.