ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ആകെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19നാണ് ആദ്യഘട്ടം. രണ്ടാം ഘട്ടമായ ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. മേയ് 7, 13, 20,25, ജൂണ്‍ ഒന്ന് തീയതികളിലാണ് മറ്റ് ഘട്ടങ്ങള്‍. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നു.
ആകെ 96.8 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടുന്നു. 1.8 കോടി കന്നി വോട്ടര്‍മാരും ഉണ്ട്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, കശ്മീര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
നിലവിലെ ലോക്സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം. അഞ്ച് ഘട്ടങ്ങളില്‍ അധികമായി ഇത്തവണ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
കായികബലം ഉപയോഗിച്ച് പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ കര്‍ശനമായി തടയുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. ബൂത്തുകളില്‍ വീല്‍ചെയറും കുടിവെള്ളവും ശൗചാലയവുമുള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 85 വയസിനു മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിനു മുുകളില്‍ ശാരീരിക വെല്ലുവിളി ഉള്ളവര്‍ക്കും വീട്ടില്‍ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ കെ.വൈ.സി. ആപ്പില്‍ ലഭ്യമാക്കും. ഇതില്‍നിന്ന് സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാം.
അക്രമം തടയാന്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതുള്‍പ്പെടെ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണവും ജില്ലകളില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം സംവിധാനവും ഉണ്ടാകും. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം തടയും. പ്രശ്‌നബാധിത സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഉണ്ടാകും.
സാമൂഹ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ പണമിടപാടുകളും നിരീക്ഷിക്കും. വ്യജവാര്‍ത്തകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. വിദ്വേഷ പ്രസംഗങ്ങളും പാടില്ല, ആരുടേയും സ്വകാര്യജീവിതത്തെ പരാമര്‍ശിക്കരുത്. ജാതിയുടേയോ മതത്തിന്റെയോ പേരില്‍ വോട്ടു പിടിക്കരുത്. കുട്ടികളെ പ്രചരണത്തിന് ഉപയോഗിക്കരുത്. ചട്ടലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയെടുക്കും, താക്കീതില്‍ തുങ്ങില്ല. 2100 നിരീക്ഷകരെ നിയോഗിച്ചു.