തൃശൂര്‍: വിവാദങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് കഥകളിയാചാര്യന്‍ കലാമണ്ഡലം ഗോപി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം സുരേഷ് ഗോപിക്ക് സ്വാഗതം അറിയിച്ചത്. വളരെക്കാലമായി സ്നേഹബന്ധം പുലര്‍ത്തിപോരുന്നവരാണ് താനും സുരേഷ് ഗോപിയുമെന്നും അദ്ദേഹം പോസ്‌റ്റില്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ കാണാന്‍ വരാന്‍ സുരേഷ് ഗോപിക്ക് ആരുടേയും അനുവാദം കാത്തുനില്‍ക്കേണ്ട ആവശ്യമില്ലെന്നും, എന്നും എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. സ്നേഹിക്കുന്നവര്‍ക്ക് തന്നെ കാണാന്‍ എപ്പോഴും വരാമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. നേരത്തെ സുരേഷ് ഗോപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കലാമണ്ഡലം ഗോപിയുടെ മകന്റെ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.
അടുത്തിടെ ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെ രാധാകൃഷ്‌ണന് വേണ്ടി കലാമണ്ഡലം ഗോപി വോട്ട് അഭ്യര്‍ത്ഥിച്ചതോടെ വിവാദം കൂടുതല്‍ കനത്തിരുന്നു. എന്നാല്‍ ഈ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഉതകുന്നതാണ് ഏറ്റവും ഒടുവില്‍ ഗോപിയാശാന്‍ ഫേസ്‌ബുക്കിലൂടെ പങ്കുവച്ച ഈ കുറിപ്പ്.
സുരേഷ് ഗോപിയുടെ പേരില്‍ ഒരു പ്രമുഖ ഡോക്‌ടര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കലാമണ്ഡലം ഗോപിയുടെ മകനും സിപിഎം അനുയായിയുമായ രഘു ഗുരുകൃപ പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. പിതാവിനെ കാണാന്‍ വരണമെന്ന് സുരേഷ് ആഗ്രഹം പ്രകടപ്പിച്ചതായും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ വിളിച്ച ഡോക്‌ടര്‍ ഗോപിയാശാന് പത്‌മഭൂഷണ്‍ കിട്ടണ്ടേ എന്ന് ചോദിച്ചതായും ആരോപണം ഉയര്‍ന്നു. അങ്ങനെയുള്ള പത്മഭൂഷണ്‍ വേണ്ടെന്ന് അച്ഛന്‍ മറുപടി നല്‍കിയതായി രഘുവിന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഏറ്റു പിടിച്ചു സൈബര്‍ സഖാക്കള്‍ ആക്രമണം നടത്തിയിരുന്നു.