സുല്‍ത്താന്‍ ബത്തേരി: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നടന്‍ കലാഭവന്‍ സോബി ജോര്‍ജ്(56) പോലീസ് പിടയില്‍. ജോലി വാഗ്ദാനം നല്‍കി ഇയാള്‍ പുല്‍പ്പള്ളി താന്നിതെരുവ് സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണു പരാതി. പണവുമായി മുങ്ങിയ എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജിനെ കൊല്ലം ചാത്തന്നൂരില്‍ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് 2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പല തവണകളായി 3,04,200 രൂപ ഇയാള്‍ വാങ്ങിയത്. ബാങ്ക് അക്കൗണ്ട് മുഖാന്തരമായിരുന്നു ഇടപാട്. വിസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2023 ലാണ് പരാതി നല്‍കിയത്.
ഇയാള്‍ക്കെതിരേ സമാനരീതിയിലുള്ള 25ഓളം കേസുകളുണ്ടെന്നും ഇതില്‍ ആറെണ്ണം വയനാട്ടിലാണെന്നും പൊലീസ് പറഞ്ഞു. വയനാട്ടില്‍ നിന്ന് മാത്രം സമാനരീതിയില്‍ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതിയുള്ളത്.
അതേസമയം, ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് തനിക്കെതിരെ ഇത്തരം നടപടികള്‍ തുടങ്ങിയതെന്ന് കലാഭവന്‍ സോബി പ്രതികരിച്ചു.
കണ്ടകാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നതിനാല്‍ ഇങ്ങനെ കുറേ കലാപരിപാടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ബാലഭാസ്കര്‍ കേസില്‍ നിന്ന് പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ സോബി മാധ്യമങ്ങളോട് പറഞ്ഞു.