ഐപിഎല്‍ ടൂര്‍ണമെന്റിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ആരാധകരെ ഞെട്ടിച്ച് എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുവതാരവും ടീമിന്റെ ഓപ്പണറുമായ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ പുതിയ നായകന്‍.
ഈ സീസണില്‍ കൂടി ധോണി നായകസ്ഥാനത്തു തുടരുമെന്നാണ് പ്രതീക്ഷിപ്പെട്ടത്. എന്നാല്‍ ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ടിന് എത്തിയത് ഋതുരാജായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും തുടങ്ങി. ഇതിന് പിന്നാലെ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനവും എത്തി.
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകരിലൊരാളായ എംഎസ് ധോണി സിഎസ്‌കെയെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച നായകനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങുന്ന ധോണിയുടെ രൂപമാകും ഐപിഎല്‍ ആരാധകരുടെ മനസിലെത്തുക.
42 കാരനായ ധോണി ഈ സീസണോടെ വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.