തിരുവല്ല: യുവതിയുടെ നഗ്‌ന വീഡിയോ പകര്‍ത്തുകയും അതു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തശേഷം ഒളിവിലായിരുന്ന മലപ്പുറം സ്വദേശി തിരുവല്ല പോലീസിന്റെ കസ്റ്റഡിയിലായി. മലപ്പുറം മൂത്തേടം വില്ലേജില്‍ തച്ചേടത്ത് വീട്ടില്‍ സുരേഷ് കെ. നായരാ(54)ണ് 13 വര്‍ഷത്തിനുശേഷം പിടിയിലായത്.
2011 ലായിരുന്നു കേസിനാസ്പദമായ സംഭവം. അതിനു രണ്ടു വര്‍ഷം മുമ്പു തിരുവല്ല തോട്ടഭാഗത്തു താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ ഇയാള്‍ അയല്‍വാസിയായ യുവതിയുമായി സൗഹൃദത്തിലായി. യുവതിയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു.
യുവതിയുമായി അടുപ്പം സ്ഥാപിച്ച സുരേഷ് അവരറിയാതെ നഗ്‌ന വീഡിയോ പകര്‍ത്തിയശേഷം അയച്ചുകൊടുത്തു. വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ട വിവരം വിദേശത്തുനിന്ന് അവധിക്കെത്തിയ ഭര്‍ത്താവ് അറിഞ്ഞു.
തുടര്‍ന്നാണ് സംഭവങ്ങള്‍ പുറത്തുവന്നത്. യുവതി പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ സുരേഷ് മുംബൈയിലേക്കു മുങ്ങി. വിവിധ സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ തിരുവല്ല ഡിെവെ.എസ്പി: എസ്. അഷാദ്, സി.ഐ: ബി. സുനില്‍ കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പ്രത്യേക അന്വേഷണസംഘം എറണാകുളത്തുനിന്നു പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.