നാട്ടുവാര്‍ത്തകള്‍

കെജ്‌രിവാളിന്റെ അറസ്റ്റ് തെമ്മാടിത്തരം


തിരെഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നു പെരുമാറ്റച്ചട്ടവും നിലവില്‍ വന്നശേഷം, പ്രതിപക്ഷത്തെ പ്രമുഖ നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിച്ചത് ശുദ്ധ തെമ്മാടിത്തരം. ചട്ട വിരുദ്ധമായ ഈ അറസ്റ്റും നാടകവും എന്തിനു വേണ്ടിയാണെന്ന കാര്യം തലയില്‍ ആള്‍താമസം ഉള്ളവര്‍ക്ക് ബോധ്യമുണ്ട്. രണ്ടു വര്‍ഷമായി നടക്കുന്ന കേസും സമന്‍സും രാത്രിയിലെ ധൃതിപിടിച്ചുള്ള അറസ്റ്റിലേക്ക് എത്താന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിയേണ്ടിവന്നു. ആറായിരം കോടിയുടെ തിരഞ്ഞെടുപ്പ് ബോണ്ടില്‍ സുപ്രീംകോടതിയില്‍ നിന്നു തിരിച്ചടി നേരിട്ട ബിജെപി മുഖം രക്ഷിക്കാനും ശ്രദ്ധ മാറ്റാനുമാണ് നൂറുകോടിയുടെ മദ്യനയക്കേസ് ഉപയോഗിക്കുന്നത്.

കാവല്‍ സര്‍ക്കാര്‍ ക്രമസമാധാനവും ദൈനംദിന കാര്യങ്ങളും മാത്രം നോക്കേണ്ട സമയത്താണ് രാഷ്ട്രീയ ലക്‌ഷ്യം വച്ചുള്ള അറസ്റ്റും നീക്കങ്ങളും ഇഡി യെയും സിബിഐയെയും കൊണ്ട് ചെയ്യിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്തു ഒരു പ്രധാന നേതാവിനെ അതും ഒരു മുഖ്യമന്ത്രിയെ ഈ വിധം വേട്ടയാടുന്നത് രാഷ്ട്രീയ പാപ്പരത്തം ആണ്. ഇത് ബിജെപിയ്ക്ക് തിരിച്ചടിയാവാനാണ് സാധ്യത.


കേന്ദ്രത്തില്‍ പത്തുവര്‍ഷമായി അധികാരത്തിലിരിക്കുമ്പോഴും മറ്റു സംസ്ഥാനങ്ങളില്‍ പണമെറിഞ്ഞു കോണ്‍ഗ്രസ് സര്‍ക്കാരുകളെ വീഴ്ത്തുമ്പോഴും മോദിയുടെയും കൂട്ടരുടെയും കണ്ണിലെ കരടായി മാറിയ ആളാണ് അരവിന്ദ് കെജ്‌രിവാള്‍. ബിജെപി സര്‍ക്കാരിന്റെ മൂക്കിന് താഴെയിരുന്നു ജനപ്രിയ നയങ്ങളുമായി മുന്നോട്ടുപോയ കെജ്‌രിവാളിനെ വീഴ്ത്താനായി കാത്തിരിക്കുകയായിരുന്നു ബിജെപി. ഡല്‍ഹിയില്‍ രണ്ടാം വട്ടവും അധികാരം നിലനിര്‍ത്തിയതും പഞ്ചാബ് പിടിച്ചതും അവരുടെ ആശങ്ക കൂട്ടി. കഴിഞ്ഞ തവണ ഡല്‍ഹിയിലെ ആറില്‍ ആറ് സീറ്റും നേടിയ ബിജെപിയ്ക്ക് ഇത്തവണ കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല എന്നറിയാം. അതുകൊണ്ടുതന്നെയാണ് മദ്യ നയക്കേസില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ അറസ്റ്റ് നാടകം. ഇന്ത്യയില്‍ അധികാരത്തിലിരിക്കെ ഇപ്രകാരം ഒരു മുഖ്യമന്ത്രി അറസ്റ്റിലാവുന്നതും ആദ്യമാണ്.


ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ആവശ്യപ്പെട്ടത് . കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സെക്ഷന്‍ 19 പ്രകാരമാണ് നടപടി. ബന്ധുക്കളെ വിവരം ധരിപ്പിക്കുകയും റിമാന്‍ഡ് അപേക്ഷയുടെ അപകര്‍പ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് അറസ്റ്റ് എന്നും എസ്.വി രാജു കോടതിയില്‍ അറിയിച്ചു. എഎപി പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധത്തിനിടെയാണ് അതീവ സുരക്ഷാ വലയത്തില്‍ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്.

അഴിമതിയുടെ മുഖ്യസൂത്രധാരന്‍ കെജ്‌രിവാളാണ്. ദക്ഷിണേന്ത്യയിലെ ചില ഗ്രൂപ്പുകള്‍ക്ക് അനുകൂലമായ നയം നടപ്പാക്കുന്നതില്‍ അദ്ദേഹം നേരിട്ട് ഇടപെട്ടിരുന്നു. നയത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നതിലും ഇടപെട്ടിരുന്നു.-ഇ.ഡി കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി പിന്‍വലിച്ചിരുന്നു . കേസില്‍ മാനദണ്ഡം പാലിച്ച് കീഴ്‌കോടതിയെ സമീപിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കെജ്‌രിവാളിന്റെ ഹര്‍ജി മൂന്നംഗ പ്രത്യേക ബെഞ്ച് പരിഗണിക്കാനിരിക്കേയാണ് ഈ നീക്കം. നേരത്തെ ഇ.ഡി അറസ്റ്റു ചെയ്ത ബി.ആര്‍.എസ് നേതാവ് കെ.കവിതയുടെ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി, വിചാരണ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേക പരിഗണനയില്ലെന്നും ജാമ്യാപേക്ഷയിലെ മാനദണ്ഡം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന നിരീക്ഷണവും നടത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കെജ്‌രിവാളിന്റെ പിന്മാറ്റം.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കുറ്റമാരോപിച്ച് എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കെജ്‌രിവാളിനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നു

അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശശി തരൂര്‍ രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത നടപടി അന്യായമാണെന്ന് തരൂര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആവശ്യമായ നിലപാട് എടുക്കാമായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഇത് ബാധിക്കും. സുപ്രീംകോടതിക്ക് സ്വമേധയാ ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയും. കോടതി ഇത് തടയണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും തരൂര്‍ പറഞ്ഞു.
പ്രതിപക്ഷം ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ അന്തരഫലം.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions