രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം. രാഷ്ട്രപതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. നിയമസഭാ പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനം വൈകിപ്പിക്കുന്നു എന്നാരോപിച്ചാണ് ഹര്‍ജി.
നിയമസഭാ പാസാക്കിയ ബില്ലുകളായതിനാല്‍ തീരുമാനമെടുക്കാത്തതില്‍ റിട്ട് ഹര്‍ജിയാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേര്‍ത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിയമസഭാ പാസാക്കിയ ഏഴു ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ഇതില്‍ നാലു ബില്ലുകളാണ് നിലവില്‍ രാഷ്ട്രപതിയുടെ പരിഗണനയില്‍ ഉള്ളത്. .
ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ പുറത്താക്കുന്നത് ഉള്‍പ്പെടെ സര്‍വകലാശാലാ നിയമഭേദഗതി ബില്ലുകളും മില്‍മയുടെ ഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കുന്നതിനുള്ള ബില്ലുമാണ് രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുന്നത്. ഇതു തിരിച്ചടിയായ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സംസ്ഥാനം സമീപിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎല്‍എ ടിപി രാമകൃഷ്ണനുമാണ് കേസിലെ ഹര്‍ജിക്കാര്‍. കേസില്‍ ഗവര്‍ണറും എതിര്‍കക്ഷിയാണ്.