തൃശൂര്‍: കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ച വാഹന ഉടമ അറസ്റ്റില്‍. തൃശൂരിലെ സ്വര്‍ണ വ്യാപാരി വിശാല്‍ (40) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണു പാലക്കാട് സ്വദേശി രവി (55), വിശാലിന്റെ വീടിനു മുന്നില്‍വച്ച് കാറിടിച്ചു മരിച്ചത്. മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പെട്ടെന്ന് എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് മൃതദേഹം മാറ്റുകയായിരുന്നുവെന്നു വിശാല്‍ പൊലീസില്‍ മൊഴി നല്‍കി. കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനു വിശാലിനെ റിമാന്‍ഡ് ചെയ്തു.
പാടത്തുനിന്നു കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണു വാഹനമിടിച്ചു മരിച്ചതാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് അന്നു രാത്രി കുറ്റുമുക്ക് പാടത്തിനു സമീപത്തേക്കു വന്ന കാറുകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു തിരിച്ചറിഞ്ഞു. കാറുടമകളെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണു വിശാല്‍ കുറ്റം സമ്മതിച്ചത്.
വഴിയോരത്ത് മദ്യലഹരിയില്‍ കിടക്കുകയായിരുന്ന രവിയെ വിശാല്‍ കണ്ടിരുന്നില്ലെന്നാണു പൊലീസിനു നല്‍കിയ മൊഴി. പിന്നാലെ കാര്‍ കയറി ഇയാള്‍ മരിക്കുകയും പെട്ടെന്ന് എന്തു ചെയ്യണമെന്ന ആശങ്കയില്‍ മൃതദേഹം കാറില്‍ കയറ്റി പാടത്ത് ഉപേക്ഷിക്കുകയുമായിരുന്നു. കുറ്റകൃത്യത്തിനു കൂട്ടുനിന്ന കുറ്റത്തിനു കസ്റ്റഡിയിലെടുത്ത വിശാലിന്റെ അച്ഛനെയും ഭാര്യയെയും ജാമ്യത്തില്‍ വിട്ടയച്ചു.