കൊച്ചി: വീണാവിജയനെതിരായ മാസപ്പടിക്കേസില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കൊച്ചി യൂണിറ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഇഡി. മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി.
പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു തുല്യമായ നടപടിയാണ് ഇസിഐആര്‍.
ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വീണ വിജയന്റെ എക്‌സാലോജിക് അടക്കം ഇഡി അന്വേഷണ പരിധിയില്‍ വരും. ഇക്കാര്യത്തില്‍ല്‍ പ്രാഥമിക അന്വേഷണം ഇഡി നടത്തിയിരുന്നു. തുടര്‍ന്നാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
എക്‌സാലോജിക്, കൊച്ചിയിലെ സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെ കുറിച്ചാണ് അന്വേഷണം നക്കുന്നത്. മാസപടി കേസിലെ കള്ളപണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ഇഡിയുടെ അന്വേഷണം വലിയ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ചെയ്യാത്ത സേവനങ്ങളുടെ പേരില്‍ സിഎംആര്‍എല്‍ മാസപ്പടി നല്‍കിയെന്നാണ് കേസ്. അതേസമയം, കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ ബാങ്ക് മുഖാന്തിരമാണ് നടന്നത്.
കേസില്‍ ഉള്‍പ്പെട്ട മൂന്ന് കമ്പനികളുടെയും സാമ്പത്തിക ഇടപാടുകള്‍ ഇഡി പരിശോധിക്കും. അതേസമയം കേസില്‍ സിബിഐയുടെ കടന്നുവരവും അനിവാര്യമാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. കേസില്‍ പരാതി നല്‍കിയത് ഷോണാണ്. വന്‍ തുകകളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 2016-17 മുതലാണ് എക്‌സാലോജിക്കിന് ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണ് പണം നല്‍കിയതെന്നാണ് എക്‌സാലോജിക്കും സിഎംആര്‍എല്ലും അവകാശപ്പെടുന്നത്.