നാട്ടുവാര്‍ത്തകള്‍

ദുര്‍മന്ത്രവാദം: മലയാളി ഡോക്ടര്‍ ദമ്പതികളും അധ്യാപികയായ സുഹൃത്തും ജീവനൊടുക്കിയ നിലയില്‍


മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ്(35), ഭാര്യ ദേവി(35), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യ ബി.നായര്‍(20) എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.

ജിറോയിലെ ബ്ലൂപൈന്‍ ഹോട്ടലിലെ 305-ാം നമ്പര്‍ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമാണെന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി സൂചനയുണ്ട്. ശരീരമാകെ വരഞ്ഞിരിക്കുകയാണ്. പുനര്‍ജനിയുടെ ഭാഗമായിട്ട് വരഞ്ഞതാണെന്നാണ് നിലവില്‍ അറിഞ്ഞിരിക്കുന്നത്. അങ്ങിനെ രക്തം വാര്‍ന്നാണ് മരിച്ചിരിക്കുന്നത്.
ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. നവീന്‍ തോമസിനെ കുളിമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് 26നാണ് ഇരുവരും അരുണാചലിലേക്ക് പോയത്. 27ാം തീയതി ആര്യയെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു ആര്യ.

പൊലീസ് അന്വേഷണത്തില്‍ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും ടൂര്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. 28ാം തീയതി വീട്ടിലേക്ക് ഫോണ്‍ വിളിച്ച ഇവര്‍ ഉടന്‍ തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു,

എന്നാല്‍ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ഇവരും ഒപ്പം പോയതാണെന്ന് മനസിലായത്. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ ഇന്റര്‍നെറ്റില്‍ പരിശോധിച്ചിരുന്നതായും വ്യക്തമായി. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നു. ജര്‍മ്മന്‍ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു.

ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്. മരിച്ചവരുടെ മുറിയില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരമാണ് ഇറ്റാനഗര്‍ പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്. മൂവരും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് വിവരം. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഒരു കടവുമില്ല, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു എന്നെഴുതി മൂവരും കുറിപ്പില്‍ ഒപ്പിട്ടിരുന്നതായാണ് പോലീസ് പറയുന്നത്.
സന്തോഷത്തോടെ ജീവിച്ചു. ഇനി പോകുന്നുവെന്നും എഴുതിവച്ച കുറിപ്പ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വിദ്യാസമ്പന്നരായവര്‍ ദുര്‍മന്ത്രവാദത്തിലേയ്ക്കും മരണാനന്തര ജീവിതം സ്വപ്നം കണ്ടു നടത്തുന്ന പ്രവര്‍ത്തനത്തിലേക്ക് കൂടുതലായി എത്തുന്നതും ഏവരെയും ഞെട്ടിക്കുകയാണ്‌. നരബലിയും പുനര്‍ജന്മവും പുതിയ തലമുറയെ കീഴ്‌പ്പെടുത്തുന്ന പ്രവണത വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions