മദ്യപിച്ച് ലക്കുകെട്ട് ചെന്നൈ നഗരത്തില്‍ പേക്കൂത്തു നടത്തിയ ബ്രിട്ടീഷ് നേവിക്കാരെ തൂക്കിയെടുത്തു തമിഴ്‌നാട് പോലീസ്. മദ്യപിച്ചു അഴിഞ്ഞാടിയ രണ്ട് ബ്രിട്ടീഷുകാരെയാണ് ചെന്നൈയില്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. വഴിയിലൂടെ പോകുന്നവരെയും, ബൈക്കില്‍ പോകുന്നവരെയും അക്രമിക്കുകയും കടിക്കുകയും വരെ ചെയ്തവര്‍ റോയല്‍ നേവി ഉദ്യോഗസ്ഥരാണെന്നാണ് വിവരം.
ബ്രിട്ടീഷുകാരടങ്ങിയ ഒരു സംഘത്തില്‍ പെട്ട രണ്ട് പേരാണ് ചെന്നൈയിലെ റോയാപേട്ടയിലെ തെരുവില്‍ അഴിഞ്ഞാടിയത്. അറ്റകുറ്റപ്പണിക്കായി എത്തിയ റോയല്‍ നേവിയുടെ രണ്ട് കപ്പലുകളിലെ ക്രൂ അംഗമാണ് ഇവരെന്നാണ് കരുതുന്നത്. മറ്റ് നാവികര്‍ക്കൊപ്പം റോയാപേട്ടയില്‍ കറങ്ങാന്‍ എത്തിയതായിരുന്നു ഇവര്‍.
മദ്യപിച്ച് ലക്കുകെട്ട അക്രമികളില്‍ ഒരാള്‍ തിരക്കേറിയ തെരുവില്‍ ആളുകളെ കടിക്കുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്നവര്‍ ഇയാളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. വിവരം അറിഞ്ഞ് പോലീസ് എത്തിയെങ്കിലും ഇവിടെ നിന്നും കുതറി മാറി വീണ്ടും അക്രമം തുടര്‍ന്നു. ഇതൊന്നും അറിയാതെ ബൈക്കില്‍ സഞ്ചരിച്ച ഒരാളെ കടിക്കുന്നതും വീഡിയോയില്‍ കാണാം.
പോലീസ് ഓടിയെത്തിയാണ് നാട്ടുകാരനെ അക്രമിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ബലം പ്രയോഗിച്ച് ലക്കുകെട്ട ബ്രിട്ടീഷുകാരനെ പിടിച്ചുവലിച്ച് മതിലില്‍ ചേര്‍ത്തുനിര്‍ത്തിയതോടെയാണ് മറ്റ് ബ്രിട്ടീഷുകാര്‍ ഇടപെടാന്‍ തയ്യാറായത്. അക്രമിയെ വിടാന്‍ ഇവര്‍ അപേക്ഷിച്ചെങ്കിലും ആദ്യം പോലീസ് ഇതിന് തയ്യാറായില്ല. മദ്യലഹരിയില്‍ അക്രമം നടത്തിയവരെ ചെന്നൈ പോലീസ് ചോദ്യം ചെയ്‌തെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തോയെന്നു വ്യക്തമല്ല .