കൊച്ചി: തൃശൂരില്‍ ടിടിഇ യെ ട്രെയിനില്‍ നിന്നും ചവുട്ടിത്താഴെയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി കൊലപാതകം നടത്തിയത് 1000 രൂപ പിഴയിട്ടതിന്. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. കൂസലില്ലാതെയാണ് തെളിവെടുപ്പില്‍ ഇയാള്‍ പോലീസിനോട് കൃത്യം ചെയ്തത് കാണിച്ചു കൊടുത്തത്. ടി.ടി.ഇ. എറണാകുളം സ്വദേശി കെ. വിനോദിനാണ് ദാരുണാന്ത്യം സംഭവിച്ചത് . പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത് രണജിത്ത് (42) ആണ്.
ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് സംഭവം. എസ്-11 റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ ചില അതിഥി തൊഴിലാളികള്‍ യാത്ര ചെയ്‌തിരുന്നു. ഇത് ചോദ്യംചെയ്‌ത ടി.ടി.ഇയുമായി ഇവര്‍ തര്‍ക്കത്തിലായി.
വിനോദിന്റെ മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു നടന്‍ കൂടിയായ കെ. വിനോദ്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പാണ് ടി.ടി.ഇ. കേഡറിലേക്ക് മാറിയത് .
കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടിയാണ് പ്രതി ടിടിഇ യെ തള്ളിയിട്ടതെന്നും മുളങ്കുന്നത്ത് കാവ് സ്‌റ്റേഷന് സമീപം ഇന്നലെ രാത്രി 7 മണിക്കായിരുന്നു സംഭവമെന്നും എഫ്‌ഐആറില്‍ പറയുന്നു.
പിഴയടയ്ക്കാന്‍ തയ്യാറാകാതിരുന്ന പ്രതി ടിടിഇ യെ എസ്11 കോച്ചിന്റെ വാതിലിന് സമീപം നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും തള്ളിവീഴ്ത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അമിതമായി മദ്യപിച്ചാണ് അയാള്‍ ട്രെയിനില്‍ കയറിയത്. ടിടിഇ ടിക്കറ്റ് പരിശോധിക്കാന്‍ വന്നത് തൃശ്ശൂരിലെത്തിയപ്പോഴാണ്. പ്രതിയുടെ കയ്യില്‍ ടിക്കറ്റ് ഉണ്ടായിരുന്നില്ല. 1000 രൂപ പിഴയടക്കാന്‍ ടിടിഇ ആവശ്യപ്പെട്ടു. അതിനും അയാള്‍ തയ്യാറായില്ല. പിഴയടക്കാന്‍ പറഞ്ഞപ്പോള്‍ ടിടിഇയുടെ വീട്ടുകാരെ അമ്മയെയും സഹോദരിയെയുമടക്കം ഹിന്ദിയില്‍ ചീത്ത വിളിച്ചു. ഉടന്‍ ടിടിഇ പൊലീസിനെ വിളിച്ചു.
ടിടിഇ പൊലീസിനോട് ഫോണില്‍ സംസാരിച്ചത് മലയാളത്തിലായിരുന്നു. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ പ്രതി സീറ്റില്‍ നിന്നും പെട്ടെന്ന് എഴുന്നേറ്റ് ടിടിഇ യുടെ പിന്നില്‍ ചെന്നു നിന്ന് രണ്ടു കൈ കൊണ്ടും തള്ളിത്താഴെയിടുകയായിരുന്നെന്നാണ് പോലീസ് എഫ്‌ഐ ആറില്‍ പറയുന്നത്. ട്രെയിനില്‍ ഉണ്ടായിരുന്നവരെല്ലാം ഇത് കണ്ട് ഞെട്ടിപ്പോകുകയും അവര്‍ തന്നെ പ്രതിയെ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കുകയും ആയിരുന്നു.