ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനത്തില്‍ പ്രമുഖര്‍ക്കൊപ്പമെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നേതാക്കള്‍. സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, കെ സുരേന്ദ്രന്‍, കെസി വേണുഗോപാല്‍, ഷാഫി പറമ്പില്‍, എഎം ആരിഫ്, സി കൃഷ്ണകുമാര്‍, ബൈജു കലാശാല, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ്, ഹൈബി ഈഡന്‍ എന്നിവരാണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്.
അയ്യന്തോള്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പത്രിക സമര്‍പ്പിക്കാനെത്തിയത്. തൃശൂര്‍ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ് സുരേഷ് ഗോപിക്കായി കെട്ടിവെക്കാനുള്ള തുക നല്‍കിയത്. പ്രകടനത്തില്‍ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരും സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുത്തു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ഗോപി ജനപിന്തുണ തേടിയിരുന്നു. ഇതുവരെ തനിക്ക് നല്‍കിയ സ്നേഹവും കരുതലും പ്രാര്‍ത്ഥനയും ഇനി അങ്ങോട്ടും ഉണ്ടാകണമെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു.
വയനാട് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനിക്കൊപ്പമെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കല്‍പ്പറ്റയില്‍ നടന്ന റോഡ്ഷോയിലും സ്മൃതി ഇറാനി പങ്കെടുത്തു.
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രി എസ് ജയശങ്കറിനൊപ്പമെത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ പത്രിക സമര്‍പ്പിച്ചത്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും, ആലപ്പുഴയില്‍ കെസി വേണുഗോപാലും, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും, ആലത്തൂരില്‍ രമ്യാ ഹരിദാസും, പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും പത്രിക സമര്‍പ്പിച്ചു. എറണാകുളത്തെയും ചാലക്കുടിയിലെയും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികളായ ആന്റണി ജൂഡി, ചാര്‍ളി പോള്‍ എന്നിവരും നാമനിര്‍ദ്ദേശ പത്രിക നല്‍കി.