അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നംഗ മലയാളി സംഘത്തിലെ നവീന്‍ സാത്താന്‍സേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളില്‍ അംഗമായിരുന്നുവെന്നു വിവരം. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷനെ കുറിച്ച് നവീന്‍ അറിയാന്‍ ശ്രമിച്ചിരുന്നതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട പരന്ന വായനയിലും ചര്‍ച്ചകളിലുമാണ്, അരുണാചല്‍ പ്രദേശില്‍ പോയാല്‍ അനുഗ്രഹത്തിലെത്താമെന്ന ചിന്ത നവീന്റെ തലയില്‍ കയറിയത്.
ജീവിത പങ്കാളിയായ ദേവിക്ക് ഇക്കാര്യം മനസിലാക്കി കൊടുക്കുകയായിരുന്നു നവീന്റെ ആദ്യ ദൗത്യം. വര്‍ഷങ്ങളായി നവീനൊപ്പമുള്ള സഹവാസത്തിലൂടെ പുനര്‍ജന്മത്തിലടക്കം വിശ്വസിച്ചിരുന്ന ദേവി, ഭര്‍ത്താവു പറയുന്നതെല്ലാം വിശ്വസിച്ചു. ദേവി ഇക്കാര്യങ്ങള്‍ അടുത്ത സുഹൃത്തായ ആര്യയോടും പങ്കിട്ടിട്ടുണ്ടാകാമെന്നാണ് സംശയം.
അതേസമയം ഈ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍ സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആത്മഹ്യയിലൂടെ പുനര്‍ജന്മം സാധ്യമാക്കാനാണ് നവീന്‍ സമൂഹ മാധ്യമങ്ങള്‍ വഴി പരിശ്രമിച്ചത്. നിലവിലുള്ളതിനേക്കാള്‍ മികച്ച ജീവിതമാണ് മരണാനന്തരം ടെലഗ്രാം ഗ്രൂപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ സ്വാധീനമാണ് മരണത്തിലേക്ക് നയിച്ചത്.
അതിനിടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതികളുടെ കയ്യില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആണെങ്കിലും, നവീന്‍ ആണോ യുവതികളുടെ കൈ മുറിച്ചത് എന്നും സംശയം ഉണ്ട്. വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ദേവി (40), ഭര്‍ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍തോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം മേലത്തുമേലെ ജങ്ഷന്‍ 'ശ്രീരാഗ'ത്തില്‍ ആര്യ നായര്‍ (29) എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.