ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ ശ്രമം. മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവാസി സംഘടനകള്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനത്തിലാണ്. ഗള്‍ഫ് മേഖലയില്‍ നിന്ന് 15,000 പേരാണ് ഇതിനോടകം നാട്ടിലേക്കെത്താന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.
ഗള്‍ഫ് മേഖലയില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഉള്‍പ്പെടെ 100-ലധികം മലയാളി കൂട്ടായ്മകളുണ്ട്. സിപിഎമ്മിന്റെ പ്രവാസി സംഘടനകള്‍ പ്രതിഭ, കേളി, നവോദയ തുടങ്ങി വ്യത്യസ്‌ത പേരുകളിലാണ് പ്രവര്‍ത്തിക്കുന്നത്. സംഘടനയിലെ അംഗങ്ങളെയും അനുഭാവികളെയും നേരില്‍ക്കണ്ട് പരമാവധിയാളുകളെ നാട്ടിലയക്കാനാണ് ശ്രമം. 15,000 പേര്‍ വോട്ട് രേഖപ്പെടുത്താന്‍ നാട്ടിലെത്താന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞു. ഇനിയും കൂടുതല്‍ പേരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംഘടനകള്‍.
മുസ്ലിം ലീഗിന്റെ പ്രവാസിസംഘടനയായ കെഎംസിസി മൂന്നുവിമാനങ്ങള്‍ വഴി പ്രവാസികളെ നാട്ടിലെത്തിക്കും. യുഎഇ, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രവാസികളെത്തുക. കോണ്‍ഗ്രസിന്റെ പ്രവാസിസംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസും, ബിജെപിയുടെ സംസ്കൃതി, നവഭാരത് തുടങ്ങിയവയും സജീവമാണ്. പ്രവാസി സംഘടനകള്‍ക്ക് സ്വതന്ത്ര കമ്മിറ്റികളാണ് ഓരോ രാജ്യത്തുമുള്ളത്.