കരുവന്നൂര്‍ ബാങ്ക് കേസ്; തൃശൂര്‍ ജില്ലയില്‍ മാത്രം സിപിഎമ്മിന് 81 അക്കൗണ്ടുകള്‍; 5 കോടിയോളം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചു
കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശം. തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. തൃശൂര്‍ ജില്ലയില്‍ മാത്രം വിവിധ സഹകരണ ബാങ്കുകളിലായി സിപിഐഎമ്മിന് 81 അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതില്‍ അഞ്ചു അക്കൗണ്ടുകള്‍ കരുവന്നൂരില്‍ ആണെന്നും ഇഡി കണ്ടെത്തി.
ഈ 81 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ എംഎം വര്‍ഗീസിനോട് ചോദിച്ചിരുന്നെങ്കിലും വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ 91 ഇടങ്ങളില്‍ സിപിഐഎമ്മിന് വസ്തുവകകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും എംഎം വര്‍ഗീസ് നല്‍കിയിട്ടില്ല. തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ എംപി പി കെ ബിജുവിനോടും തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എം എം വര്‍ഗീസിനെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ഇന്നലെ ചോദ്യം ചെയ്തിരുന്നു. എം എം വര്‍ഗീസ് സിപിഎം അക്കൗണ്ടില്‍ നിന്ന് 1 കോടി രൂപ പിന്‍വലിച്ചെന്നാണ് കണ്ടെത്തല്‍. ഈ പണം ഉള്‍പ്പെടെ അക്കൗണ്ടില്‍ ഉള്ള 6 കോടി രൂപയുടെ ആദായനികുതി അടച്ചില്ലെന്നും ഇഡി കണ്ടെത്തി. അക്കൗണ്ടിലെ മുഴുവന്‍ ഇടപാടുകളും പരിശോധിച്ചു. സിപിഎം ഓഫീസ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കില്‍ ഇന്നലെ ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധന നടത്തിയിരുന്നു. പാര്‍ട്ടി നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ല്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതില്‍ ഒരു കോടി രൂപ ഫിക്‌സഡ് ഡിപ്പോസിറ്റാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഒരു കോടി രൂപ പിന്‍വലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിന്‍വലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇന്‍കംടാക്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണത്തിന്റെ സോഴ്‌സ് അടക്കമുളളവ വ്യക്തമാക്കാന്‍ ഇന്‍കംടാക്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് വിഷയത്തില്‍ പ്രതികരിച്ചു.