ടെല്‍അവീവ്: ഇറാന്‍ സെെന്യം പിടിച്ചെടുത്ത 'എംഎസ്‌സി' ഏരീസ് എന്ന ഇസ്രയേല്‍ ചരക്ക് കപ്പലില്‍ മലയാളി യുവതിയും ഉണ്ടെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.
ട്രെയിനിംഗിന്റെ ഭാഗമായി ഒമ്പതുമാസമായി കപ്പലില്‍ ജോലി ചെയ്തുവരികയായിരുന്നു ആന്റസ. മകളുടെ കാര്യത്തില്‍ വലിയ ആശങ്ക ഉള്ളതായി ആന്റസയുടെ പിതാവ് ഒരു മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടുകാരുമായി ആന്റസ സംസാരിച്ചത്. കമ്പനി അധികൃതര്‍ മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചതായും പിതാവ് പറഞ്ഞു.
എംഎസ്സി ഏരീസ് കപ്പലിലെ 17 ഇന്ത്യന്‍ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയാന്‍ അറിയിച്ചിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്‍ അധികൃതരുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്ക് കപ്പലിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി ലഭിക്കുന്നത്.
യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് വരുകയായിരുന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മോചനം സാദ്ധ്യമാക്കാനും ഇന്ത്യ നയതന്ത്രതലത്തില്‍ ന്യൂഡല്‍ഹിയിലും ടെഹ്രാനിലും അടിയന്തര ഇടപെടല്‍ നേരത്തെ ആരംഭിച്ചിരുന്നു. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശേരി വടശേരി സ്വദേശിയായ സുമേഷ്, വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം സ്വദേശി പിവി ധനേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികൾ. ആകെ കപ്പലില്‍ 25 ജീവനക്കാരുണ്ട്.
ഇസ്രയേലിലെ ശതകോടീശ്വരനായ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന്റെ കപ്പലാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് (ഐ.ആര്‍.ജി.എസ്) പിടിച്ചെടുത്തത്. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലികോപ്ടറുകള്‍ വഴി കപ്പലിലേക്ക് സൈനികര്‍ ഇറങ്ങിയാണ് പിടിച്ചെടുത്തത്.