വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ ശിക്ഷയനുഭവിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാകുന്നു. 18 വര്‍ഷക്കാലമായി ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താന്‍ കേരളം ഒറ്റക്കെട്ടായി, 34 കേടി രൂപയോളം സമാഹരിച്ചിരുന്നു. ഈ സംഭവങ്ങള്‍ സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂര്‍.
സംവിധായകന്‍ ബ്ലെസിയുമായി ചേര്‍ന്നാണ് ഈ സിനിമ ഒരുക്കാന്‍ ബോബി ചെമ്മണ്ണൂര്‍ പദ്ധതിയിടുന്നത്. ബ്ലെസിയുമായി സംസാരിച്ചെന്നും പോസറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും ബോബി പ്രസ് മീറ്റില്‍ അറിയിച്ചു. ചിത്രത്തെ ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല.
സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം ബോച്ചെ ചാരിറ്റബള്‍ ട്രസ്റ്റിന്റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനം എന്നും ബോബി വ്യക്തമാക്കി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയാണ് കൈകോര്‍ത്ത് സമാഹരിച്ചത്. ധനസമാഹരണത്തിലേക്ക് ആദ്യം ഒരു കോടി രൂപ നല്‍കിയത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു.
അബ്ദുള്‍ റഹീമിന്റെ മോചനം ഉടനുണ്ടാകുമെന്നാണ് വിവരം. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ ദയാധനം സമാഹരിച്ചതായി സൗദി ഭരണകൂടത്തെയും മരണപ്പെട്ട യുവാവിന്റെ കുടുംബത്തെയും ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടന്ന് അബ്ദുള്‍ റഹീമിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.