തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. നിയമസഭയില്‍ പി.വി. അന്‍വര്‍ കൊണ്ടുവന്ന വിഷയം കെ.റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ കര്‍ണാടകയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമായിരുന്നു ആവശ്യം.
പി വി അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് എ എച്ച് ഹഫീസിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയില്‍ അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ആയിരുന്നു പി വി അന്‍വറിന്റെ ആരോപണം.
നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി നേരത്തേ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസെടുക്കുന്നതില്‍ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹര്‍ജിക്കാരന്‍ കോടതിക്ക് കൈമാറി. ഈ കത്ത് പരിഗണിച്ച് അന്വേഷണം ആരംഭിക്കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും എന്ത് തെളിവാണ് കൈവശമുളളതെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചോള്‍ കോടതി ഹര്‍ജിക്കാരനോട് ചോദിച്ചിരുന്നു. ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികളില്‍ മൂന്ന് തവണയായി 150 കോടി രൂപ കോയമ്പത്തൂര്‍ വഴി ചാവക്കാട്ട് എത്തിച്ചുവെന്നും, ഈ തുക വി ഡി സതീശന് ലഭിച്ചു എന്നുമായിരുന്നു അന്‍വറിന്റെ ആരോപണം.