നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന
മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നു. തരുണ്‍മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ശോഭനയെത്തും. ശോഭന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. രജപുത്ര രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
'കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ പോക്കുകയാണ്. മോഹന്‍ലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ഞാന്‍ മോഹന്‍ലാലുമൊത്ത് അഭിനയിക്കുന്ന 56 -ാം ചിത്രമാണിത്' വീഡിയോ പങ്കുവെച്ച് ശോഭന പറഞ്ഞു. L 360 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും ശോഭനയും ജോഡികളായി എത്തുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. നാല് വര്‍ഷത്തിനു ശേഷമാണ് ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' ആണ് ശോഭനയുടെ അവസാന മലയാള ചിത്രം. സുരേഷ് ഗോപി ആയിരുന്നു ചിത്രത്തില്‍ ശോഭനയുടെ ജോഡിയായി എത്തിയത്.