നാട്ടുവാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ മറ്റു കേസുകള്‍ മാറ്റിവെച്ച് ഒരുമാസം ഫുള്‍ടൈം വിചാരണ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുഴുവന്‍സമയ വിചാരണ തുടങ്ങി. മറ്റു കേസുകള്‍ മാറ്റി വച്ചാണു കഴിഞ്ഞ 17 മുതല്‍ ഫുള്‍ടൈം വിചാരണ തുടങ്ങിയത്. ഈ കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനാണു കോടതിയുടെ ശ്രമം. അന്വേഷണസംഘത്തലവനായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ വിസ്താരത്തിനു മാത്രം ഒരു മാസമെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ബൈജു പൗലോസിന്റെ വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ പ്രോസിക്യൂഷന്‍ തെളിവുകള്‍ പൂര്‍ത്തിയാക്കും.

തുടര്‍ന്ന് പ്രതിഭാഗം തെളിവുകള്‍ കോടതി പരിശോധിക്കും. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞമാസം 31-ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ഉടന്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും.

കേസില്‍ ഇതുവരെ 260 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയായത്. 2020 ജനുവരി മുപ്പതിനായിരുന്നു വിചാരണയുടെ തുടക്കം. വിചാരണയ്ക്കിടയില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ 19 സാക്ഷികള്‍ മൊഴിമാറ്റി. വിചാരണ നീതിപൂര്‍വമല്ലെന്ന് ആരോപിച്ച് രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു. തുടര്‍ന്ന് അതിജീവിതയുടെ ആവശ്യപ്രകാരം വി.അജകുമാറിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. അതിനിടയിലാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
കേസില്‍ വഴിത്തിരിവാകുന്ന തെളിവുകള്‍കൂടി പുറത്തുവന്നതോടെ തുടരന്വേഷണം നടത്തി ഒരാളെക്കൂടി കേസില്‍ പ്രതി ചേര്‍ത്തു. കൃത്യം നിര്‍വഹിച്ച പള്‍സര്‍ സുനി, നടന്‍ ദിലീപ് ഉള്‍പ്പടെ പതിനഞ്ച് പേരാണ് കേസിലെ പ്രതികള്‍. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 2017 ഫെബ്രുവരി 17-നാണ് എറണാകുളത്ത് നടി ലൈംഗികാതിക്രമത്തിന് ഇരയായത്.

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജി ഹണി എം. വര്‍ഗീസിന്റെ അപേക്ഷയില്‍, വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസമായിരുന്നു സുപ്രീംകോടതി ഒടുവില്‍ അനുവദിച്ചത്. ഈ സമയപരിധിയാണ് അവസാനിച്ചത്. സാക്ഷി വിസ്താരം അന്തിമഘട്ടത്തിലാണെങ്കിലും വിചാരണ പൂര്‍ത്തീകരിക്കാന്‍ ഇനിയും സമയം വേണ്ടിവരും. ഈ സാഹചര്യത്തിലാണു ഫുള്‍ടൈം വിചാരണ നടക്കുന്നത്. അതിനിടെ വിധി തയാറാക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ ജഡ്ജി ആരംഭിച്ചതായും സൂചനയുണ്ട്.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions