തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ അപമാനിക്കപ്പെട്ടതായി യുകെ വനിത യുടെ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വ്‌ളോഗറായ ഇംഗ്ലണ്ട് സ്വദേശിനി തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞത്. ശ്രീമൂലസ്ഥാനത്ത് പൂരത്തെക്കുറിച്ച് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നുപിടിക്കുന്ന വീഡിയോയും യുവതി പങ്കുവെച്ചിട്ടുണ്ട്. പരാതി ലഭിച്ചില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തില്‍ പാലക്കാട് കുനിശ്ശേരി സ്വദേശിയുടെ പേരില്‍ അന്വേഷണം തുടങ്ങിയതായി ഈസ്റ്റ് പോലീസ് അറിയിച്ചു.
അടുത്തിടെ ജാര്‍ഖണ്ഡില്‍ വിദേശവനിത കൂട്ടമാനഭംഗത്തിനിരയായപ്പോള്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നാടായ കേരളത്തിലേക്കു വരൂ എന്നുപറഞ്ഞു വീഡിയോ പങ്കുവെച്ച വ്ലോഗര്‍ക്കാണ് ഈ ദുരനുഭവമുണ്ടായിട്ടുള്ളത്. പൂരവുമായി ബന്ധപ്പെട്ട് മൂന്നു വീഡിയോകളാണ് ഇവര്‍ പങ്കുവെച്ചത്. ഇതില്‍ മോശം അനുഭവമെന്നു പറഞ്ഞ് പങ്കുവെച്ച വീഡിയോയിലാണ് അനുവാദമില്ലാതെ ഒരാള്‍ കടന്നുപിടിക്കുന്നതായുള്ളത്. ഉമ്മവെക്കുകയാണെന്ന് ഇയാള്‍ പറയുന്നതും യുവതി തട്ടിമാറ്റുന്നതും വീഡിയോയിലുണ്ട്.
പൂരത്തിന്റെ നല്ല അനുഭവങ്ങള്‍ക്കിടയിലും ചോദ്യംചെയ്യപ്പെടേണ്ട ചില കാര്യങ്ങളുണ്ടായതായി യുവതി വീഡിയോയില്‍ പറയുന്നു. ഒട്ടേറെ മലയാളികള്‍ വീഡിയോയ്ക്കടിയില്‍ കമന്റിട്ട് യുവതിയോട് സംഭവത്തില്‍ മാപ്പു പറയുന്നുണ്ട്.
യുവതിയും അമേരിക്കക്കാരനായ സുഹൃത്തും ഇന്ത്യയിലെ ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇന്‍സ്റ്റയില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അല്പം മലയാളവും ഇരുവരും പഠിച്ചിട്ടുണ്ട്.